ശാസ്ത്രി റോഡിലെ കുഴി അടച്ചില്ലെങ്കിൽ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നിയമനടപടി; ആക്ഷൻ കൗൺസിൽ
സ്വന്തം ലേഖകൻ
കോട്ടയം: ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുമ്പിൽ കുത്തിറക്കത്തിൽ ഒരടി താഴ്ചയിൽ പതിനഞ്ചടിയോളം വീതിയിൽ ഗർത്തമുണ്ടായിട്ട് മാസങ്ങളായിട്ടും പി.ഡബ്ല്യു.ഡി തിരിഞ്ഞു നോക്കുന്നില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കുഴിയിൽ വീണ് അപകടമുണ്ടാകുന്നത്. കുത്തിറക്കമായതുകൊണ്ട് തൊട്ടടുത്തെത്തുമ്പോഴാണ് കുഴി ഡ്രൈവറുടെ ശ്രദ്ധയിൽ പെടുന്നത്. ബ്രേക്ക് ചവിട്ടുന്നതോടെ പുറകെ എത്തുന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയാണ്. കുട്ടികളുമായി ടുവീലറിൽ എത്തുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പലതവണ ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് പി.ഡബ്ല്യു.ഡി സ്വീകരിക്കുന്നത്. അടിയന്തിരമായി കുഴി അടച്ചില്ലെങ്കിൽ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിക്കുമെന്നും അപകടമുണ്ടായി ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കൊലകുറ്റത്തിന് കേസുകൊടുക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.