കോവിഡിന്റെ മറവിൽ ജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ :മുട്ടിന് വേദനയുമായി വന്നാലും കോവിഡ് ടെസ്റ്റ് ; പിപിഇ കിറ്റിന്റെ ചെലവടക്കം സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത് കഴുത്തറപ്പൻ ഫീസ്
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡിന്റെ മറവിൽ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ. സാധാരണ പനിക്കായി ചികിത്സ തേടി എത്തുന്നവരെയും കോവിഡിന്റെ പേരിൽ പിഴിയുന്നുണ്ട്. കോവിഡിന്റെ ലക്ഷണങ്ങളിലൊന്നായതിനാൽ പനിയുള്ളവരെ പ്രത്യേക ഫീവർ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയാണ്. ഇതിനായി ഈടാക്കുന്നതാവട്ടെ ആയിരക്കണക്കിന് രൂപയും.
ഡോക്ടറും നഴ്‌സും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ ചെലവടക്കം രോഗികളിൽനിന്നും വാങ്ങിക്കുന്നുമുണ്ട്. കോട്ടയം നഗരത്തിലെ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കു സർക്കാർ നിശ്ചയിച്ച തുകയുടെ ഇരട്ടി ഈടാക്കിയിരുന്നു. തുടർന്ന് ജനങ്ങളുടെ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ അധികൃതരോടു വിശദീകരണം തേടിയിരുന്നു. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ നിശ്ചയിച്ച നിരക്ക് 300രൂപ മാത്രമായിരിക്കെ ലാബിലെത്തുന്നവരിൽനിന്ന് ആന്റിജൻ പരിശോധനയ്ക്ക് 600-650 രൂപയാണ് ഈടാക്കിയിരുന്നത്. കോവിഡ് ലാബ് ടെക്‌നീഷ്യൻമാർ പരമാവധി ആറുമണിക്കൂറേ ഒരു പി.പി.ഇ. കിറ്റണിഞ്ഞ് സ്രവം ശേഖരിക്കാവൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. എന്നാൽ, ഈ ആശുപത്രിയിൽ മൂന്നുദിവസം വരെ ഒരേ കിറ്റണിഞ്ഞ് ലാബ് ടെക്‌നീഷ്യൻമാർ പ്രവർത്തിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.
കോട്ടയത്തെ ചില ആശുപത്രികളിൽ കോവിഡിന്റെ പേരിൽ ഒ.പി. ടിക്കറ്റിനു 100 രൂപ അധികമായി വാങ്ങുന്നുവെന്നും പരാതിയുണ്ട്. എന്നാൽ സംസ്ഥാനസർക്കാർ ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള നിരക്കാണിതെന്നാണ് ലാബുടമകൾ പറയുന്നത്.
സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. ഐ.സി.യുവിൽ കിടക്കുന്നവർക്കും അവരെ സന്ദർശിക്കുന്നവർക്കും പരിശോധന നിർബന്ധം.
മുറി വൃത്തിയാക്കുന്ന ജീവനക്കാരുടെ പി.പി.ഇ. കിറ്റ്, ഗ്ലൗസ് തുടങ്ങിയവയ്ക്കും ചില ആശുപത്രികൾ പണം ഈടാക്കുന്നു.കാസർഗോഡ് ജില്ലയിൽ പി.പി.ഇ. കിറ്റിന്റെ പേരിൽ 1000 രൂപവരെ അധികം ഈടാക്കുന്ന ലാബുകളുണ്ട്. കാഞ്ഞങ്ങാട്ടെ ഒരു ലാബിൽ പി.സി.ആർ. പരിശോധനയ്ക്ക് 600 രൂപയാണ് അധികമായി രോഗികളിൽ നിന്നും വാങ്ങുന്നത്.
കാസർകോട്ട് വിദേശത്ത് പോകാൻ പരിശോധന നടത്തിയ നീലേശ്വരം സ്വദേശി 8000 രൂപ നൽകി കുടുംബത്തിലെ നാലുപേർ ജില്ലാ ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോൾ എല്ലാവരും നെഗറ്റീവായതും നിരവധി ആക്ഷേപങ്ങൾ ഉയർത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് പി.സി.ആർ. പരിശോധനയ്ക്ക് അംഗീകൃതനിരക്ക് 1500 രൂപയാണെങ്കിലും പ്രവാസികളിൽനിന്ന് ഈടാക്കുന്നതാവട്ടെ 2000 രൂപയും. ആലപ്പുഴ ജനറൽ ആശുപത്രിക്ക് അടുത്തുള്ള ഒരു ലാബിൽ ബന്ധപ്പെട്ടപ്പോൾ, ഒരാൾക്കാണോ ഒന്നിലേറെപ്പേർക്കാണോ പരിശോധന എന്നറിയിച്ചാലേ നിരക്ക് പറയാനാകൂവെന്നായിരുന്നു പ്രതികരണം. ഒരാൾക്കാണെങ്കിൽ ആർ.റ്റി.പി.സി.ആർ. പരിശോധനയ്ക്ക് 2100 രൂപയാകുമെന്നായിരുന്നു ലാബ് ഉടമകളുടെ മറുപടിയ
കോവിഡ് പരിശോധനാനിരക്ക് പുതിയത് (ബ്രായ്ക്കറ്റിൽ പഴയനിരക്ക്)
ഠ ആർ.ടി.പി.സി.ആർ. ഓപ്പൺ 1500 (2750)
ഠ എക്‌സ്പർട്ട് നാറ്റ് 2500 (3000 )
ഠ ട്രൂ നാറ്റ് 1500 (3000)
ഠ ആർ.ടി. ലാബ് 1150
ഠ റാപ്പിഡ് ആന്റിജൻ 300 (625)