തെരഞ്ഞടുപ്പിൽ കൊച്ചിയിൽ അഞ്ച് സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി ട്വന്റി ട്വന്റി ; കിറ്റക്‌സിന്റെ പാർട്ടി കളത്തിലിറങ്ങിയാൽ തിരിച്ചടിയാകുന്നത് കോൺഗ്രസിന് : ട്വന്റി ട്വന്റി മത്സരിക്കുന്നവയിൽ യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റുകളും
സ്വന്തം ലേഖകൻ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് 5 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി കിഴക്കമ്പലം ട്വന്റി 20യുടെ പദ്ധതി. ഇതോടെ ഇത് വെട്ടിലാക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കുന്നത്തുനാട്ടിൽ ജയിക്കുകയാണ് കിറ്റക്‌സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ ലക്ഷ്യം.
ട്വന്റി 20 തദ്ദേശ തിരഞ്ഞെടുപ്പിൽ 5 പഞ്ചായത്തിൽ മത്സരിച്ച് നാലിലും ഭരണം നേടുകയും ചെയ്തിരുന്നു.
ഈ പിന്തുണ നിലനിർത്തിയാൽ, ട്വന്റി 20 ഭരിക്കുന്ന 4 പഞ്ചായത്തുകൾ ഉൾപ്പെടുന്ന കോൺഗ്രസിന്റെ കുത്തക സീറ്റായ കുന്നത്തുനാട് സീറ്റ് നേടാമെന്നാണ് കണക്ക്കൂട്ടലുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര എന്നിവയാണ് പരിഗണനയിലുള്ള മറ്റു സീറ്റുകൾ. ഇതെല്ലാം യുഡിഎഫിന്റെ പരമ്പരാഗത സീറ്റുകളാണ്. കോതമംഗലം, മൂവാറ്റുപുഴയും എങ്ങനേയും നേടി അഞ്ചിൽ അഞ്ചും സ്വന്തമാക്കാനാണ് ആലോചന.
ട്വന്റി 20 മത്സരത്തിനെത്തിയാൽ നോടുന്നത് കോൺഗ്രസിന്റെ വോട്ടുകളായിരിക്കും. ഇടതു പക്ഷത്തെ ഉറച്ച വോട്ടുകൾ നഷ്ടമാകുകയും ചെയ്യും. ഫലത്തിൽ കോൺഗ്രസിനാകും ട്വന്റി ട്വന്റിയുടെ മത്സരം തിരിച്ചടിയാകുക.
കേരളത്തിലെ യുവ തലമുറ സമസ്ത മേഖലകളിലും മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് ട്വന്റി 20 എന്ന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം.ജേക്കബ് പറയുന്നു. അതിന്റെ പ്രതിഫലനമാണ് ട്വന്റി20 യുടെ വിജയത്തിന് നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.