play-sharp-fill
കോളേജ് അധികൃതരുടെയും ഇടനിലക്കാരന്റെയും തട്ടിപ്പ്: വിദ്യാർത്ഥികൾക്ക് നഷ്ടമായത് രണ്ടു വർഷവും ഏഴു ലക്ഷം രൂപയും; പരാതിയുമായി വിദ്യാർത്ഥികൾ ജില്ലാ പൊലീസ് മേധാവിയ്ക്ക് മുന്നിൽ

കോളേജ് അധികൃതരുടെയും ഇടനിലക്കാരന്റെയും തട്ടിപ്പ്: വിദ്യാർത്ഥികൾക്ക് നഷ്ടമായത് രണ്ടു വർഷവും ഏഴു ലക്ഷം രൂപയും; പരാതിയുമായി വിദ്യാർത്ഥികൾ ജില്ലാ പൊലീസ് മേധാവിയ്ക്ക് മുന്നിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോളേജ് അധികൃതരുടെയും ഇടനിലക്കാരുടെയും തട്ടിപ്പിനിരയായി അഞ്ചു വിദ്യാർത്ഥിനികൾക്ക് നഷ്ടമായത് രണ്ടു വർഷവും, ഏഴരലക്ഷത്തോളം രൂപയും. കോട്ടയം കിടങ്ങൂർ, പാമ്പാടി, ആർപ്പൂക്കര, പത്തനംതിട്ടയിലെ വെണ്ണിക്കുളം സ്വദേശികളായ വിദ്യാർത്ഥിനികളാണ് കോളേജിന്റെയും കൺസൾട്ടൻസി സ്ഥാപനത്തിന്റെയും തട്ടിപ്പിനിരയായിരിക്കുന്നത്. സംഭവത്തിൽ കോളേജിനും ഏജൻസിക്കുമെതിരെ വിദ്യാർത്ഥിനികൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയിട്ടുണ്ട്.
2015 – 16 വർഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മലയാള മനോരമ പത്രത്തിലെ പരസ്യം കണ്ടാണ് വിദ്യാർത്ഥിനികൾ പത്തനംതിട്ട അടൂരിൽ പ്രവർത്തിക്കുന്ന ഡ്രീംസ് കരിയർ ഗൈഡൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കണയന്നൂരിലെ ഫാത്തിമാ കോളേജിൽ ബിഎഫാമിന് അഡ്മിഷൻ നേടി നൽകാമെന്നായിരുന്നു വിദ്യാർത്ഥിനികൾക്ക് ഡ്രീംസ് കരിയർ ഏജൻസി നൽകിയ വാഗ്ദാനം. ഇത് വിശ്വസിച്ച് വിദ്യാർത്ഥികൾ അഞ്ചു പേരും ചേർന്ന് രണ്ടു ലക്ഷത്തി പതിനായിരം രൂപ ഏജൻസിയ്ക്ക് നൽകി. വിദ്യാഭ്യാസ ആവശ്യത്തിനായി, അഡ്മിഷൻ റെഡി ആക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾക്കായാണ് തുകയെന്നാണ് കൺസൾട്ടൻസി വിദ്യാർത്ഥിനികളെ അറിയിച്ചിരുന്നത്. കരിയർ ഗൈഡൻസ് സ്ഥാപനത്തിന്റെ അടൂർ, തിരുവല്ല ശാഖകളിലായാണ് വിദ്യാർത്ഥിനികൾക്ക് അഡ്മിഷൻ തയ്യാറാക്കി നൽകിയത്.
തുടർന്നു കോളേജിൽ അഡ്മിഷൻ ലഭിച്ചതിനു പിന്നാലെ രണ്ടു ലക്ഷത്തി ഏഴായിരത്തി ഒരുനൂറ് രൂപ വിവിധ ഫീസ് ഇനത്തിൽ ഈടാക്കി. ഹോസ്റ്റൽ ഫീസ് ഇനത്തിൽ എല്ലാവരിൽ നിന്നുമായി രണ്ടരലക്ഷം രൂപയും അധികൃതർ ഈടാക്കി. ഫീസും മറ്റു രേഖകളും അടയ്ക്കുമ്പോൾ തമിഴ്നാട്ടിലെ ഡോ.എം.ജി.ആർ സർവകലാശാലയുമായി കോളേജ് അഫിലിയേറ്റ് ചെയ്തിരുന്നതായാണ് വിദ്യാർത്ഥിനികൾ അറിയിച്ചിരുന്നത്. തുടർന്നാണ് ഇവർ അഡ്മിഷൻ എടുക്കാൻ തയ്യാറായത്. ഡ്രീംസ് ഏജൻസി ഉടമ അബ്ദുൾ ഷാഹിമും കോളേജ് അധികൃതരും ആദ്യം മുതൽ തന്നെ ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.
എന്നാൽ, പഠനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സർവകലാശാല പരീക്ഷ നടത്താതെ വന്നതോടെ വിദ്യാർത്ഥിനികൾ കോളേജ് അധികൃതരെയും സർവകലാശയെയും സമീപിച്ചു. ഇതോടെയാണ് കോളേജിനു അംഗീകാരമില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതേപ്പറ്റി കോളേജ് ഡയറക്ടർ രവിയുമായി വിദ്യാർത്ഥിനികൾ സംസാരിച്ചു. അഫിലിയേഷൻ സംബന്ധിച്ചുള്ള കേസ് നടക്കുകയാണെന്നും, ഉടൻ പരിഹാരമുണ്ടാകുമെന്നുമായിരുന്നു മറുപടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോളേജിന് അഫിലിയേഷൻ ഇല്ലെന്നും ചതിക്കപ്പെട്ടതായും വിദ്യാർത്ഥിനികൾ മനസിലാക്കിയത്. രണ്ടു വർഷം കഴിഞ്ഞിട്ടും പരീക്ഷ നടത്തുകയോ, കോളേജിന് അംഗീകാരം ലഭിക്കാതിരിക്കുകയോ ചെയ്യാതെ വന്നതോടെ വിദ്യാർത്ഥിനികൾക്ക് പഠനം അവസാനിപ്പക്കേണ്ടി വന്നു. ഇതോടെ രണ്ടു വിദ്യാഭ്യാസ വർഷങ്ങളും, ഏഴു ലക്ഷത്തോളം രൂപയുമാണ് അവർക്ക് നഷ്ടമായത്. പലരും വിദ്യാഭ്യാസ വായ്പ അടക്കം എടുത്താണ് പഠിച്ചത്. ഇതോടെ വായ്പാ തിരിച്ചടവും പ്രതിസന്ധിയിലായി. തുടർന്നാണ് ഇവർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.