ആംആദ്മി പാർട്ടിക്ക് അപരൻ; പുതിയ എഎപി പാർട്ടിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി
സ്വന്തം ലേഖകൻ
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാർട്ടിക്ക് മറ്റൊരു അപരൻ. എഎപി എന്ന് ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഈ പാർട്ടി ആപ്കി അപ്നി പാർട്ടി എന്നാണ് പരിചയപ്പെടുത്തുന്നത്. ഈ പാർട്ടിക്ക് അംഗീകാരം നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ യഥാർത്ഥ എഎപി പാർട്ടി എതിർത്തെങ്കിലും കമ്മീഷൻ തള്ളി. ഈ വിഷയത്തിൽ ആം ആദ്മി പാർട്ടി നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ആംആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ രണ്ടുപേരായ ആശിഷ് ഖേതനും അശുതോഷും പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം പാർട്ടി നേരിടുന്ന പ്രതിസന്ധിയാണിത്. തിരഞ്ഞെടുപ്പ് കമ്മീഷനോടും പുതിയ എഎപി പാർട്ടിയോടും നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പാർട്ടികളുടെയും ചുരുക്കെഴുത്ത് ഒന്നായതിനാൽ തെരഞ്ഞെടുപ്പിൽ ഇത് വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വോട്ടർമാരിൽ സംശയം ജനിപ്പിക്കുമെന്നും ആംആദ്മി നൽകിയ ഹർജിയിൽ പറയുന്നു.