കൊവിഡിനു പിന്നാലെ കോട്ടയത്ത് പക്ഷിപ്പനി ഭീതിയും: നീണ്ടൂരിൽ ചത്തത് 1650 താറാവുകൾ; താറാവിനെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു; ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡിനു പിന്നാലെ പുതുവർഷത്തുടക്കത്തിൽ തന്നെ ഭീതി പടർത്തി ജില്ലയിൽ പക്ഷിപ്പനി. ജില്ലയിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിലെ ഫാമിൽ ഇതുവരെ 1650 താറാവുകളെയാണ് കൊന്നൊടുക്കിയത്. സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ട സാഹചര്യത്തിൽ ആരോഗ്യ വകുപ്പും, മൃഗസംരക്ഷണ വകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്.
അഞ്ചു വർഷത്തിനു ശേഷമാണ് ഇപ്പോൾ ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നീണ്ടൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ പള്ളിത്താഴെ ഭാഗത്തെ ബാബുവിന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ബാബുവിന്റെ ഉടമസ്ഥതയിലുള്ള താറാവുകൾ കൂട്ടത്തോടെ ചത്തിനെ തുടർന്നു കഴിഞ്ഞ 29 ന് ഇവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേയ്ക്ക് അയച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്നുള്ള പരിശോധനാ ഫലം ഞായറാഴ്ചയാണ് പുറത്തു വന്നത്. ഇതോടെയാണ് നീണ്ടൂരിൽ താറാവിനു പടർന്നു പിടിച്ചത് പക്ഷിപ്പനിയാണ് എന്നു തിരിച്ചറിഞ്ഞത്. ബാബുവിന്റെ ഉടമസ്ഥതയിൽ എണ്ണായിരത്തോളം താറാവുകളാണ് ഉള്ളത്. ഈ താറാവിൽക്കൂട്ടത്തിലാണ് ഇപ്പോൾ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
പള്ളിത്താഴെ ചൊഴിയപ്പാറ നാനൂറ്റാംപടവ് പാടത്തിലാണ് താറാവുകളെ വളർത്തിയിരുന്നത്. ഈ പാടശേഖരത്തിൽ ഇപ്പോഴും 20 മുതൽ 30 വരെ താറാവുകൾ ദിവസവും ചത്തു വീഴുന്നുണ്ട്. എന്നാൽ, പ്രദേശത്തു മറ്റു താറാവിൻകൂട്ടങ്ങൾ ഇല്ലാത്തതിനാൽ രോഗപ്രതിരോധം വളരെ എളുപ്പമാണെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു.
കഴിഞ്ഞ മാസം തുടക്കം മുതൽ ഇവിടെ താറാവുകൾ ചത്തിരുന്നതായി കർഷകർ പറയുന്നു. എന്നാൽ, അസ്വഭാവികമായി താറാവുകൾ ചത്തു തുടങ്ങിയതോടെയാണു കർഷകൻ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചതും സാമ്പിൾ പരിശോധനയ്ക്ക് അയച്ചതും. അയ്മനം, ആർപ്പൂക്കര, കുമരകം, നീണ്ടൂർ, തലയാഴം, വെച്ചൂർ പഞ്ചയാത്തുകളിലായി ആയിരക്കണക്കിനു താറാവുകളെ കർഷകർ വളർത്തുന്നൂണ്ടെങ്കിലും ഇവയ്ക്കൊന്നും പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടില്ല.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. 2016 ഒക്ടോബറിൽ പക്ഷിപ്പനിയെത്തുടർന്നു ജില്ലയിൽ അയ്യായ്യിരത്തിലേറെ താറാവുകൾ ചത്തൊടുങ്ങിയിരുന്നു.