എരുമേലി പഞ്ചായത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്: വിമതൻ്റെ പിൻതുണയുമായി വോട്ടെടുപ്പിന് എത്തിയ കോൺഗ്രസിന് വൻ തിരിച്ചടി; കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഭരണം എൽ.ഡി.എഫിന്; അട്ടിമറിയ്ക്കു പിന്നിൽ കോൺഗ്രസ് നേതാവിന്റെ 15 ലക്ഷം രൂപയെന്ന് ആരോപണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇരു മുന്നണികൾക്കും തുല്യ അംഗബലം വരികയും, വിമതന്റെ പിൻതുണയോടെ യു.ഡി.എഫ് ഭരണം ഉറപ്പിയ്ക്കുകയും ചെയ്തിരുന്ന എരുമേലി പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. 15 ലക്ഷം രൂപയും വൈസ് പ്രസിഡൻറ് സ്ഥാനവും വാഗ്ദാനം ചെയ്ത് കോൺഗ്രസ് വിമതനെ ഒപ്പം നിർത്തിയ കോൺഗ്രസിനെ ഭരണത്തിൽ നിന്നും പുറത്താക്കിയത് കോൺഗ്രസ് അംഗം തന്നെ വോട്ട് അസാധുവാക്കിയതാണ്. സഹോദരനായ സി.പി.എം നേതാവിനു വേണ്ടി കോൺഗ്രസിന്റെ കെ.പി.സി.സി ഭാരവാഹിയാണ് ഭരണം അട്ടിമറിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
23 അംഗ പഞ്ചായത്തിൽ 11 അംഗങ്ങൾ വീതമാണ് യു.ഡി.എഫിനും എൽ.ഡി.എഫിനുമുണ്ടായിരുന്നത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിൻതുണ പഞ്ചായത്തിൽ ഭരണം പിടിക്കാൻ ഏറെ നിർണ്ണായകമായിരുന്നു. സ്വതന്ത്ര അംഗത്തെ ഒപ്പം നിർത്താൻ പതിനഞ്ചു ലക്ഷം രൂപയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വരെ യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പുറത്തു കേൾക്കുന്ന കഥകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവിൽ വിമതനായ സ്വതന്ത്ര അംഗത്തിന്റെ പിൻതുണ ഉറപ്പിച്ച കോൺഗ്രസ് രാവിലെ വോട്ടെടുപ്പിനായി പഞ്ചായത്ത് ഓഫിസിൽ എത്തി. തുടർന്നു, വോട്ടെടുപ്പിലേയ്ക്കും കടന്നു. വോട്ടെടുപ്പിൽ 12 സീറ്റുമായി യു.ഡി.എഫ് തന്നെ അധികാരത്തിൽ എത്തും എന്നു ഉറപ്പിച്ചിരുന്നു. ഈ അവസരത്തിലാണ് കോൺഗ്രസ് അംഗം അപ്രതീക്ഷിതമായി വോട്ട് അസാധുവാക്കിയത്. കോൺഗ്രസിന്റെ അംഗങ്ങൾക്ക് വോട്ട് ചെയ്യുന്നതിനു പ്രത്യേക പരിശീലനം നൽകിയിരുന്നു. എന്നാൽ, ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്ത് ഒപ്പിട്ട ശേഷം അംഗം പേര് എഴുതിയില്ല. ഇതോടെ വോട്ട് അസാധുവായി. ഇതോടെ രണ്ടു കക്ഷികൾക്കും തുല്യവോട്ടായി. ഇതോടെ നറക്കെടുപ്പിലൂടെ ഭരണം കോൺഗ്രസിനു ലഭിക്കുന്ന നിലയുണ്ടായി.
എന്നാൽ, മുതിർന്ന കെ.പി.സി.സി ഭാരവാഹിയുടെ സിപിഎം നേതാവായ സഹോദരനും ഇദ്ദേഹത്തെച്ചുറ്റിപ്പറ്റി നിൽക്കുന്ന മണൽ, ക്വാറി, ബ്ലേഡ് മാഫിയ സംഘത്തിനും വേണ്ടിയാണ് ഇപ്പോൾ എരുമേലി പഞ്ചായത്തിന്റെ ഭരണം തന്നെ കോ്ൺഗ്രസ് അട്ടിമറിച്ചതെന്നാണ് ആരോപണം ഉയരുന്നത്. സി.പി.എമ്മിന്റെ മഹിളാ വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ തങ്കമ്മ ജോർജ്കുട്ടിയാണ് എരുമേലി പഞ്ചായത്ത് പ്രസിഡന്റ്. അപ്രതീക്ഷിതമായി കിട്ടിയ പഞ്ചായത്ത് വിജയം ഇടതു പ്രവർത്തകർ ആഘോഷിക്കുകയാണ്.