video
play-sharp-fill
ദമ്പതികളുടെ ആത്മഹത്യ: കുഴിയെടുക്കുന്ന മകന്റെ ചിത്രം ഏറെക്കാലം നമ്മെ വേട്ടയാടും: പൊലീസ് നടപടികളെ ന്യായികരിച്ച് ശ്രീജിത്ത് പണിക്കർ

ദമ്പതികളുടെ ആത്മഹത്യ: കുഴിയെടുക്കുന്ന മകന്റെ ചിത്രം ഏറെക്കാലം നമ്മെ വേട്ടയാടും: പൊലീസ് നടപടികളെ ന്യായികരിച്ച് ശ്രീജിത്ത് പണിക്കർ

സ്വന്തം ലേഖകൻ

കൊച്ചി: തിരുവനന്തപുരത്ത് ദമ്പതിമാർ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനുമായ ശ്രീജിത്ത് പണിക്കർ. തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് നിലപാട് വ്യക്തമാക്കിയത്. പൊലീസുകാരിൽ പലരും ഈ പോസ്റ്റ് ഏറ്റെടുത്ത് ഷെയർ ചെയ്യുന്നുമുണ്ട്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഇങ്ങനെ –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച വിഷയത്തിൽ വൈകാരികവും നിയമപരവുമായ രണ്ട് വശങ്ങളുണ്ടെന്ന് ശ്രീജിത് പണിക്കർ

സ്വന്തം പിതാവിനെ അടക്കം ചെയ്യാനുള്ള കുഴിയെടുക്കുന്ന മകന്റെ ചിത്രം ഏറെക്കാലം നമ്മെ വേട്ടയാടും. ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച വിഷയത്തിൽ വൈകാരികവും നിയമപരവുമായ രണ്ട് വശങ്ങളുണ്ട്. സ്വാഭാവികമായും കൂടുതൽ പേരും സംസാരിക്കുന്നത് വൈകാരികമായ വശത്തെ കുറിച്ചാണ്. എന്നാൽ ചില വസ്തുതകൾ അപ്രിയവും പൊതുജന താല്പര്യത്തിന് വിരുദ്ധവും ആയിരിക്കും.

മരണപ്പെട്ടയാൾ അയൽവാസിയുടെ മൂന്ന് സെന്റ് ഭൂമി കയ്യേറിയെന്നതായിരുന്നു കേസ്. സ്ഥലം കയ്യേറിയതാണെന്ന് രേഖകൾ ബോധ്യപ്പെട്ട് തീരുമാനിച്ചത് മുൻസിഫ് കോടതിയാണ്. ഒപ്പം ഈ സ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തരുതെന്ന് കോടതി നിഷ്കർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അവിടെയാണ് ഒരു കുടിൽ കെട്ടിയത്. തുടർന്ന് അയൽവാസി വീണ്ടും കോടതിയെ സമീപിച്ചപ്പോൾ കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയമിക്കുന്നത്.

ഇവരുടെ നടപടി പ്രകാരം പ്രസ്തുത ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കലിനായി കമ്മീഷൻ ആഴ്ചകൾക്കു മുൻപ് ശ്രമിച്ചെങ്കിലും വീട്ടുകാരുടെ എതിർപ്പ് മൂലം പിന്മാറേണ്ടിവന്നു. തുടർന്ന് വീണ്ടും കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസിനെ കൂട്ടി കുടിയൊഴിപ്പിക്കൽ നടപടി കഴിഞ്ഞ ദിവസം നടന്നത്. ഇതിൽ നിയമപ്രകാരം അയൽവാസിയും കോടതിയും അഭിഭാഷക കമ്മീഷനും പൊലീസുമാണ് ശരി.

നിയമം നടപ്പാക്കാനുള്ള ശ്രമം തടയുന്നതും ആത്മഹത്യാഭീഷണി ഉയർത്തുന്നതും അംഗീകരിക്കാനാവുന്ന കാര്യങ്ങളല്ല. ഇന്നാട്ടിലെ എല്ലാ ജപ്തിനടപടികളിലും ആത്മഹത്യാഭീഷണി ഉണ്ടായാലോ? ആത്മഹത്യാ ശ്രമം തടയാൻ പൊലീസ് ശ്രമിക്കുകയും അതിനിടയിൽ തീ പടർന്നുപിടിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. എന്നാൽ പൊലീസ് ആണ് ഇവിടെ ആളെ കൊന്നത് എന്നുള്ള ആരോപണം ശരിയല്ല. പൊലീസിന് കോടതിവിധി നടപ്പാക്കി മടങ്ങണം എന്നതിൽ കഴിഞ്ഞ് അവരെ ചുട്ടുകൊല്ലണം എന്നുള്ള ലക്ഷ്യങ്ങൾ ഉണ്ടാകേണ്ട കാര്യമൊന്നും ഈ വിഷയത്തിൽ ഇല്ല.

പ്രമാണികളായ പലരുടെയും വലിയ കയ്യേറ്റങ്ങൾ പരിഹരിക്കപ്പെടുന്നില്ലല്ലോ എന്നൊരു ആക്ഷേപമുണ്ട്. ശരിയാണ്. പക്ഷെ അവരുടെ കേസുകളിൽ വ്യവഹാര നടപടികൾ അവസാനിച്ചിട്ടില്ല എന്നതാണ് കാരണം. അവസാന പഴുതുവരെ പോരാടാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ, ഈ വിഷയത്തിൽ താഴെപ്പറയുന്ന ചോദ്യങ്ങൾ ചോദിക്കേണ്ടത് പൊലീസിനോടോ കോടതിയോടോ അല്ല; കണ്ണീർ വാർക്കുന്ന രാഷ്ട്രീയക്കാരോടാണ്:

(1) ഈ കേസിനെ കുറിച്ചും കുടിയൊഴിപ്പിക്കലിനെ കുറിച്ചും നിങ്ങൾ അറിഞ്ഞിരുന്നില്ലേ?
(2) ആദ്യതവണ കുടിയൊഴിപ്പിക്കൽ ശ്രമം പരാജയപ്പെട്ടപ്പോഴും നിങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലേ?
(3) മരണപ്പെട്ടയാൾ മുൻപ് നിങ്ങളെ ആരെയും സമീപിച്ചിരുന്നില്ലേ?
(4) അദ്ദേഹത്തിന് സർക്കാരിന്റെ ഏതെങ്കിലും ഭവനപദ്ധതി വഴി ഒരു വീട് നൽകാമെന്ന് വാക്കു കൊടുക്കാമായിരുന്നില്ലേ?
(5) നിയമവിരുദ്ധമായ കയ്യേറ്റം ഒഴിയണമെന്നും സാമ്പത്തിക ബാധ്യതയുള്ള ആ കുടുംബത്തെ സംരക്ഷിക്കാമെന്നും പറഞ്ഞ് അനുനയിപ്പിക്കാൻ നിങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ ആ കുടുംബം ആത്മഹത്യക്ക് ശ്രമിക്കുമായിരുന്നോ?
(6) ഇതൊന്നും ചെയ്തില്ലെങ്കിൽ നിങ്ങളെ പൊതുജനം എന്തിന് വിശ്വസിക്കണം?

വാൽക്കഷ്ണം: സർക്കാർ ഭൂമിയിലെ കയ്യേറ്റം പോലെയല്ല സ്വകാര്യഭൂമിയിലെ കയ്യേറ്റം. സ്വകാര്യഭൂമിയിലെ കയ്യേറ്റം രണ്ടുവർഷം നീണ്ട പരിശ്രമത്തിന്റെ ഫലമായി നിയമപരമായി ഒഴിപ്പിച്ചിട്ടുള്ള ആളാണ് ഞാൻ. വികാരപരമായി മാത്രം കമന്റ് ഇടുന്നവർ തങ്ങളുടെ ഭൂമിയിലെ കയ്യേറ്റം ശ്രദ്ധയിൽ പെട്ടാൽ ആ സ്ഥലം കയ്യേറുന്നവർക്ക് സൗജന്യമായി നൽകാൻ തയ്യാറുണ്ടോ എന്നുകൂടി എഴുതണം.