video
play-sharp-fill

കോട്ടയത്തും സി.പി.എമ്മിൽ യുവജന വിപ്ലവം: എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകും; ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ 28 കാരി പ്രസിഡന്റ്; കേരള കോൺഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം

കോട്ടയത്തും സി.പി.എമ്മിൽ യുവജന വിപ്ലവം: എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകും; ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ 28 കാരി പ്രസിഡന്റ്; കേരള കോൺഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലയിൽ സി.പി.എമ്മിൽ യുവജന വിപ്ലവം. ജില്ലാ പഞ്ചായത്തിലും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലുമാണ് മുൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾ മുന്നണിയിലേയ്ക്ക് എത്തുന്നത്. മുൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.എസ് ശരത്തിനെയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു സി.പി.എം പരിഗണിക്കുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ നേതാവായ ആര്യ രാജനാണ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

ജില്ലാ പഞ്ചായത്തിൽ ഇടതു മുന്നണിയിൽ ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ധാരണയായത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ നിർമ്മല ജിമ്മിയാകും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുക. 14 അംഗങ്ങളുടെ പിൻതുണയാണ് ഇടതു മുന്നണിയ്ക്ക് ഉള്ളത്. അതുകൊണ്ടു ജില്ലാപഞ്ചായത്തിൽ അട്ടിമറികൾ ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ല. പ്രസിഡണ്ട് പദവി ആദ്യ രണ്ടു വർഷങ്ങൾ കേരള കോൺഗ്രസ് എമ്മിന് ലഭിക്കും. പിന്നീട് രണ്ടുവർഷം സിപിഎം, അവസാന ഒരു വർഷം സിപിഐക്ക് നൽകുന്നതിനുമാണ് ഇടതു മുന്നണിയിൽ ധാരണയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മല ജിമ്മി

വെള്ളൂർ ഡിവിഷനിൽ നിന്നും വിജയിച്ച സിപിഎമ്മിലെ ടി.എസ് ശരത്തിനെയാണ് സി.പി.എം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിപ്പിക്കുന്നത്. വൈസ് പ്രസിഡണ്ട് പദവി ആദ്യ രണ്ട് വർഷം സിപിഎമ്മിനും, പിന്നീട് ഒരു വർഷം സിപിഐക്ക്, അവസാന രണ്ടു വർഷങ്ങൾ കേരള കോൺഗ്രസ് എമ്മിനും നൽകുന്നതിനുമാണ് ധാരണയായിരിക്കുന്നത്.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ അയ്മനം ഡിവിഷനിൽ നിന്നുമാണ് 28 കാരിയായ ആര്യാ രാജൻ വിജയിച്ചത്. കേരള കോൺഗ്രസിന്റെ പിൻതുണയാണ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പിടിക്കാൻ സി.പി.എമ്മിനു നിർണ്ണായകമായിരിക്കുന്നത്.

ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെയും ഉപാധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് ഡിസംബർ 30 നാണ് നടക്കുക. ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരികൾ നേതൃത്വം നൽകും.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടക്കുക. ജില്ലാ പഞ്ചായത്തിൽ ജില്ലാ കളക്ടർ എം. അഞ്ജന തിരഞ്ഞെടുപ്പിന് നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാർ വരണാധികാരികൾക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. വൈസ് പ്രസിഡന്റുമാർക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

ത്രിതല പഞ്ചായത്തുകളിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഡിസംബർ 21നോ 26നോ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നവർക്ക് ഡിസംബർ 30 രാവിലെ പത്തിന് മുതിർന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം.