ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു: മൊഴി തെറ്റെന്ന് പോലീസ്; ഫ്രാങ്കോ കുരുക്കിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു. കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ച ദിവസം താൻ കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നില്ലെന്നും അതേദിവസം തൊടുപുഴയിൽ ആയിരുന്നെന്നുമുള്ള ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൂടുതൽ പ്രതിരോധത്തിലാകുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തൊടുപുഴ മഠത്തിലെ രേഖകൾ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. രേഖകൾ പൊലീസ് പിടിച്ചെടുത്തു. മാത്രമല്ല ബിഷപ്പിന്റെ മൊഴിക്ക് വിപരീതമായി ഡ്രൈവറും മൊഴി നൽകിയിരുന്നു. പീഡനം നടന്ന മെയ് 5 ന് കുറവിലങ്ങാട്ടെ മഠത്തിൽ ബിഷപ്പിനെ എത്തിച്ചതായാണ് ഡ്രൈവർ നാസർ നേരത്തെ മൊഴി നൽകിയത്. അതിനിടെ ബിഷപ്പിന് വേണ്ടിയാണ് കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് സിഎംഐ സഭ വൈദികൻ ഫാദർ ജെയിംസ് ഏർത്തയിൽ മൊഴി നൽകി. കോതമംഗലം സ്വദേശി ജോബി ജോർജ്ജ് വഴിയാണ് ് നീക്കം നടന്നത്. 10 ഏക്കർ ഭൂമിയും മഠവും സ്ഥാപിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ആറുമണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ ഏർത്തയിൽ പറഞ്ഞു. കേസിലെ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ നാളെ അന്വേഷണസംഘം പ്രത്യേക യോഗം ചേരും.