
പാലാ നഗരസഭ പിടിക്കാൻ കച്ചകെട്ടി ഇറങ്ങിയ പി.ജെ ജോസഫിന് തൊടുപുഴ പോലും നഷ്ടമായി: തട്ടകത്തിലേറ്റ തിരിച്ചടി തീരാ നഷ്ടം
സ്വന്തം ലേഖകൻ
തൊടുപുഴ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോസഫ് ജോൺ തൊടുപുഴ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് പിജെ ജോസഫിൻറെ രാഷ്ട്രീയ തട്ടകത്തിൽ കനത്ത തിരിച്ചടിയായി മാറും. 35 തൊടുപുഴ നഗരസഭയിൽ യുഡിഎഫിന് 13 അംഗങ്ങളും ഇടതുമുന്നണിക്ക് 12 പേരും ബിജെപിക്ക് എട്ടുപേരും രണ്ട് കോൺഗ്രസ് വിമത സ്ഥാനാർത്ഥികളുമാണ് വിജയിച്ചത്.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ ബിജെപി വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ വിമതരെ ഒപ്പം കൂട്ടി തങ്ങൾക്ക് ഭരണം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയായിരുന്നു യുഡിഎഫിനും ജോസഫ് വിഭാഗത്തിനും ഉണ്ടായിരുന്നത്. കേവലം രണ്ട് അംഗങ്ങൾ മാത്രമുള്ള ജോസഫ് വിഭാഗം യുഡിഎഫിൽ സമ്മർദ്ദം ചെലുത്തി ആദ്യ ടേമിൽ തങ്ങളുടെ പ്രതിനിധിയായ ജോസഫ് ജോണിനെ മുനിസിപ്പൽ ചെയർമാൻ ആക്കി വാഴിക്കാമെന്ന് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ മുതൽ നീണ്ട മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ മനസ്സില്ലാമനസ്സോടെ യുഡിഎഫ് നേതൃത്വം ജോസഫിൻറെ പിടിവാശിക്ക് വഴങ്ങുകയായിരുന്നു. ആറ് അംഗങ്ങളുള്ള ഒന്നാമത്തെ പാർട്ടി മുസ്ലിംലീഗും. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസും കടുത്ത വിയോജിപ്പ് ആദ്യമേ തന്നെ രേഖപ്പെടുത്തിയിരുന്നെങ്കിലും.
പി ജെ ജോസഫ് നേരിട്ട് ഇടപെട്ട് ചെയർമാൻ സ്ഥാനം പിടിച്ചു വാങ്ങുകയായിരുന്നു. ഇതിൽ കടുത്ത പ്രതിഷേധമാണ് ലീഗ് അണികളും കോൺഗ്രസ് അണികളും ഉയർത്തിയത്. ഒരു ഘട്ടത്തിൽ ഡിസിസി പ്രസിഡൻറിനെ തടയുക പോലും ചെയ്തു. പക്ഷേ ജോസഫ് പിടിവാശി ഉപേക്ഷിക്കാൻ തയ്യാറാവാത്തത് കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
ഇത് മുതലാക്കി എൽഡിഎഫ് അവസരത്തിനൊത്തുയർന്ന് അധികാരം കൈക്കലാക്കുകയായിരുന്നു. ഇതിനായി യുഡിഎഫ് വിമതനെ തന്നെ നഗരസഭാ ചെയർമാൻ ആക്കുവാനുള്ള തന്ത്രപരമായ നീക്കത്തിന് ഇടതുനേതാക്കൾ മുന്നിട്ടിറങ്ങി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ ആൻറണി, സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.വി.മത്തായി, ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ സിപിഐ താലൂക്ക് സെക്രട്ടറി പി.പി ജോയ് എന്നിവർ ചുക്കാൻ പിടിച്ചു.
തന്ത്രപരമായ നീക്കത്തിലൂടെ യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ലീഗ് സഹയാത്രിക ജെസ്സി ജോണി യെ കൂടി തങ്ങളുടെ പാളയത്തിൽ എത്തിച്ചു. മറ്റൊരു കോൺഗ്രസ് വിമത നിസ സക്കീറിനെ തന്ത്രപരമായ നീക്കത്തിലൂടെ കോൺഗ്രസ് തങ്ങളുടെ ഒപ്പം ചേർത്ത് നിർത്തിയെങ്കിലും നഗരസഭാ ഭരണം 14 വോട്ടിന് എൽഡിഎഫ് തിരിച്ചുപിടിച്ചു. കേരള കോൺഗ്രസ് എമ്മിന് രണ്ട് അംഗങ്ങൾ ആണ് നഗരസഭയിൽ ഉള്ളത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ തൊടുപുഴ നിലനിർത്തുകയും പാലാ നഗരസഭ തങ്ങൾ ഭരിക്കും എന്ന് മാധ്യമങ്ങളോട് വീമ്പിളക്കിയ പി ജെ ജോസഫിന് തൻ്റെ തട്ടകത്തിലെ ഈ കനത്ത തിരിച്ചടി മറക്കുവാൻ കഴിയില്ല എന്നുള്ളത് തീർച്ചയാണ്.
കേരള കോൺഗ്രസ് എം പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗവും പിജെ ജോസഫിൻ്റെ ഏറ്റവും വിശ്വസ്തനുമാണ് മുൻ ബാർ കൗൺസിൽ ചെയർമാൻ കൂടിയായ അഡ്വ ജോസഫ് ജോൺ. തൊടുപുഴ നഗരസഭയിൽ ഇദം പ്രഥമമായിട്ടാണ് ജോസഫ് ഗ്രൂപ്പിന് ചെയർമാൻ പദവിയിലേക്ക് മത്സരിക്കുവാൻ സാധിച്ചത്. അത് ലഭിക്കാതെ വന്നതോടുകൂടി തൊടുപുഴയുടെ രാഷ്ട്രീയം പി ജെ ജോസഫിന് അന്യമായി മാറുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാൽപ്പത്തിഅയ്യായിരത്തിലേറെ വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച ജോസഫ് ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളിൽ യുഡിഎഫ് എൽഡിഎഫ് വ്യത്യാസം കേവലം 6200 മാത്രമാണ് . തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വ്യക്തം.
തൊടുപുഴയിലെ യുഡിഎഫിൽ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ഈ അസ്വസ്ഥത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.പി ജെ ജോസഫിന്റേയും കൂട്ടരുടെയും പിടിവാശിക്ക് മുൻപിൽ കോൺഗ്രസും ലീഗും മുട്ടുകുത്തിയത് കടുത്ത അമർഷം ആണ് അണികളിൽ ഉണ്ടാക്കിയിരിക്കുന്നത്. എന്തായാലും കക്ഷത്തിൽ ഇരിക്കുന്നത് പോവുകയും ചെയ്തു ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയതുമില്ല എന്ന മട്ടിലായി ജോസഫിൻറെ കാര്യങ്ങൾ.
പാലാ പിടിക്കാൻ കാട്ടിയ അമിതാവേശം തൊടുപുഴയിൽ തിരിച്ചടിയായി ലഭിച്ചു എന്നുള്ളതാണ് വാസ്തവം. മുനിസിപ്പൽ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം അംഗം ആർ.ഹരി ചെയർമാൻ സ്ഥാനാർഥിയായി കാരുപ്പാറ വാർഡംഗം സനീഷ് ജോർജ്ജിന്റെ പേര് നിർദ്ദേശിച്ചു.കേരളകോൺഗ്രസ് അംഗം പ്രൊഫ ജസ്സി ആന്റണി പിന്താങ്ങി.
തടിപ്പണി തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറായും പ്രവർത്തിക്കുന്ന യാളാണ് ചെയർമാനായി വിജയിച്ച സനീഷ് ജോർജ്ജ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി യായി മത്സരിച്ചത് ജോസഫ് വിഭാഗം ആയിരുന്നു.കോൺഗ്രസ് നേതാവ് ഷിബിലി സാഹിബിന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ചേർന്ന് സനീഷിനെ മത്സരിപ്പിച്ചത്.301 വോട്ടിന്റെ കനത്ത ഭൂരിപക്ഷത്തിൽ ആണ് അദ്ദേഹം വിജയിച്ചത്.യുഡിഎഫ് ഈ വാർഡിൽ മൂന്നാം സ്ഥാനത്തായിരുന്നു.