play-sharp-fill
തിരഞ്ഞെടുപ്പിന് മുൻപ് പിണറായി വില്ലൻ: വിജയിച്ച് കഴിഞ്ഞപ്പോൾ വീരൻ: ഒരാഴ്ച കൊണ്ട് ദേവന് വില്ലൻ വീരനായി

തിരഞ്ഞെടുപ്പിന് മുൻപ് പിണറായി വില്ലൻ: വിജയിച്ച് കഴിഞ്ഞപ്പോൾ വീരൻ: ഒരാഴ്ച കൊണ്ട് ദേവന് വില്ലൻ വീരനായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാഷ്ട്രീയ നിലപാടിൻ്റെ പേരിൽ സിനിമാ നടനും രാഷ്ട്രീയ നേതാവുമായ ദേവനെ കണ്ട് പഠിക്കണം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തലേന്ന് വരെ പിണറായി വിജയനെ ചീത്ത വിളിച്ചിരുന്ന ദേവൻ , ഒറ്റ രാത്രി കൊണ്ട് നിലപാട് മാറ്റി.

മോദിയെ പിൻതുണച്ചിരുന്ന ദേവൻ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിനന്ദിച്ച്‌ രംഗത്ത് എത്തി. കേരള പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനും നടനുമാണ് ദേവന്‍. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യമെന്നും ദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിജയത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും അഭിനന്ദിക്കുന്നതായും അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും ദേവന്‍ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവന്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയനെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടതെന്നുമാണ് കേരള പീപ്പീള്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപന വേളയില്‍ ദേവന്‍ പറഞ്ഞത്. പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തെന്നും ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് മനസ്സിലായെന്നും ദേവന്‍ പറഞ്ഞു.

ഇതിന് മുമ്പ് പ്രധാനമന്ത്രി മോദിയെ പ്രകീര്‍ത്തിച്ച്‌ നടന്‍ ദേവന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിജെപി നേതാവായിട്ടില്ല, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലാണ് മോദിയെ താന്‍ കാണുന്നതെന്നും ഇന്ത്യ കണ്ട ഏറ്റവും നല്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് മോദിയെന്നുമായിരുന്നു ദേവന്‍ പറഞ്ഞത്. പിണറായി വിജയനോട് തനിക്ക് ഒരു താത്പര്യമില്ലെന്നും അദ്ദേഹം ഒരു പരാജയമാണെന്നും ദേവന്‍ കൂട്ടിചേര്‍ത്തു.

നടന്‍ ദേവന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍…

ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്… കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്…

പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിടെ വിജയരഹസ്യം… ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്…

അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാന്‍ എനിക്ക് കഴിയില്ല… ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാന്‍ അഭിനന്ദിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും…