play-sharp-fill
പൂജചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും വാങ്ങി മുങ്ങിയ വ്യാജ സിദ്ധൻ പിടിയിൽ ; 19കാരൻ തട്ടിപ്പ് നടത്തിയത് കുടുംബപ്രശ്‌നങ്ങളുള്ള സ്ത്രീകളെ തിരഞ്ഞ് പിടിച്ച്

പൂജചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും വാങ്ങി മുങ്ങിയ വ്യാജ സിദ്ധൻ പിടിയിൽ ; 19കാരൻ തട്ടിപ്പ് നടത്തിയത് കുടുംബപ്രശ്‌നങ്ങളുള്ള സ്ത്രീകളെ തിരഞ്ഞ് പിടിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂജചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ വ്യാജ സിദ്ധൻ പൊലീസ് പിടിയിൽ. കുടുംബപ്രശ്‌നങ്ങളുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് ദോഷം മാറ്റുന്നതിനുള്ള പൂജ ചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു യുവാവിന്റെ പതിവ്.


കന്യാകുളങ്ങര പെരുങ്കൂർ ഇടത്തറ ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപം ശ്രീനിലയം വീട്ടിൽ അഭിമന്യുവാണ് (19) ഫോർട്ട് പൊലീസിന്റെ പിടിയിലായത്. പ്ലസ് ടുവരെ മാത്രം വിദ്യാഭ്യാസമുള്ള പ്രതി പൂണൂൽ ധരിച്ച് ബ്രാഹ്മണൻ ആണെന്നും പത്മനാഭസ്വാമിക്ഷേത്രം തന്ത്രിയാണെന്നും തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രപരിസരങ്ങളിൽ തന്ത്രി വേഷത്തിൽ കറങ്ങിനടന്ന് ഇരകളെ കണ്ടെത്തി തട്ടിപ്പുകൾ നടത്തിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഇരകളെ കണ്ടെത്തുന്നതിനായി പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയിരുന്ന ഇയാൾ പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെടുന്നവരെ വാക്ചാതുരിയിൽ വീഴ്ത്തിയും അല്ലാത്തവരോട് ഗൃഹനാഥന് അകാലമൃത്യു ഉണ്ടാകുമെന്ന് ഭയപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

തുടർന്ന് പരിഹാരമായി ഏലസും കർമങ്ങളും ചെയ്തുതരാമെന്ന് പറഞ്ഞ് സ്വർണാഭരങ്ങളും പണവും വാങ്ങി മുങ്ങുകയാണ് രീതി. വിതുര സ്വദേശിയായ വീട്ടമ്മയിൽനിന്ന് ഒന്നരപവൻ തൂക്കം വരുന്ന മൂന്ന് സ്വർണമോതിരങ്ങളും 13,000 രൂപയും വാങ്ങിയതായുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഫോർട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ നിർദേശാനുസരണം ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്. ജെ, എസ്.ഐമാരായ സജു എബ്രഹാം, സെൽവിയസ് രാജ്, സി.പി.ഒമാരായ ബിനു, വിനോദ്, പ്രമോദ്, മഹേഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.