കോവിഡിന് പിന്നാലെ ഷിഗല്ലയും ….! കോഴിക്കോട് 25 പേർക്ക് ഷിഗല്ല രോഗലക്ഷണങ്ങൾ ; മുൻകരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ
സ്വന്തം ലേഖകൻ
കോഴിക്കോട് : രാജ്യത്തെ ഭീതിയിലാഴ്ത്തിയ കോവിഡിൽ നിന്നും മുക്തരാവുന്നതിന് മുൻപ് തന്നെ കേരളത്തെ ആശങ്കയിലാക്കി ഷിഗല്ല രോഗബാധയും. കോഴിക്കോടാ 25 പേർക്കാണ് ഇപ്പോൾ ഷിഗല്ല രോഗ ലക്ഷണങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ഷിഗല്ല രോഗത്തിനെതിരെ മുൻകരുതലെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം ഷിഗല്ല ബാധിച്ച് പതിനൊന്ന് വയസ്സുകാരൻ മരിച്ചിരുന്നു. ഇരുപത്തിയഞ്ച് പേർക്ക് സമാനലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം.ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
രോഗം പകരുന്നത് മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും
അതുകൊണ്ട് തുറസ്സായ ഇടങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവർ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകുന്നത്.
രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
കോർപ്പറേഷൻ പരിധിയിൽ കോട്ടാംപറമ്പ് മുണ്ടിക്കൽതാഴത്താണ് കഴിഞ്ഞ ദിവസം ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അസുഖം മൂർച്ഛിച്ച് പതിനൊന്ന് വയസ്സുകാരൻ മരിച്ചിരുന്നു.
ഈ കുട്ടിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 25 പേർക്ക് സമാന ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 9 പേർ കുട്ടികളാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ രോഗം ഗുരുതരമായാൽ മരണ സാധ്യത കൂടുതലാണ്.
12 വയസ്സിൽ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിർന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസ്സിലാക്കാൻ പ്രദേശത്തെ നാല് കിണറുകളിൽ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.