
തേർഡ് ഐ ബ്യൂറോ
കോട്ടയം : കൊവിഡ് മഹാമാരി സമൂഹത്തിൻ്റെ നാനാതുറകളെ പല രീതിയിൽ ബാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച സാഹചര്യത്തിൽ കുടുംബ ബന്ധങ്ങളെ പോലും സാരമായി ബാധിച്ചിട്ടുണ്ട്.
മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുന്ന മക്കൾ കേരളത്തിൽ പതിവ് കാഴ്ചയാണ്. ഈ കൊവിഡ് കാലത്തും ഇത്തരം സംഭവങ്ങൾ തുടരുകയാണ്. കൊവിഡ് ബാധിതരായ മാതാപിതാക്കളോട് കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തി കാണിക്കുന്ന മക്കളുടെ എണ്ണം സംസ്ഥാനത്ത് ഒട്ടനവധിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയില്‍ കൊവിഡ് രോഗബാധിതയായ 65 വയസുളള അമ്മയെ മകന്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് കഴിഞ്ഞദിവസമാണ്. ഞായറാഴ്ച അമ്മ കൊവിഡ് പോസിറ്റീവായെന്ന് അറിഞ്ഞതോടെ മകന്‍ ഇവരെ വാഹനത്തില്‍ കയറ്റി നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരത്തിന്റെ ചുവട്ടിലിരുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ആരോഗ്യ വകുപ്പും പൊലീസും അമ്മയെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ എത്തിച്ചു.
ഉപേക്ഷിച്ചു കടന്ന മകനെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.
സമാനമായ സംഭവം നെടുങ്കണ്ടത് ആദ്യമായിരുന്നില്ല. രണ്ടാഴ്‌ച മുമ്പ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 വയസുകാരനെ മക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ 78 വയസുകാരന്‍ നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുളള പകല്‍വീട്ടിലായിരുന്നു തങ്ങിയിരുന്നത്. പഞ്ചായത്ത് ഇടപെട്ടാണ്, അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 78 വയസുകാരനെ പകല്‍വീട്ടിലേക്ക് മാറ്റിയത്.
കൊവിഡ് ബാധിച്ചതോടെ നെടുങ്കണ്ടം ജനമൈത്രി പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് ഇദ്ദേഹത്തെ പിന്നീട് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചു. എന്നാല്‍ മക്കള്‍ പിതാവിനെ ഏറ്റെടുക്കാന്‍ തയാറായില്ല. 78 വയസുകാരനെ അഭയകേന്ദ്രത്തിലേക്ക് മാറ്റാനുളള ശ്രമം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.