
തേർഡ് ഐ ബ്യൂറോ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ഒരു താരോദയം. തമിഴ്‌നാടിനെ പിടിച്ചു കുലുക്കിക്കൊണ്ട് രജനീകാന്ത് വീണ്ടും രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനു വഴിയൊരുങ്ങുന്നത്.
തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച വിവരങ്ങൾ ദക്ഷിണേന്ത്യ മുഴുവൻ വൻ ചർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ താരം തന്റെ പാർട്ടി റജിസ്റ്റർ ചെയ്തതായും ചിഹ്നം തെരഞ്ഞെടുത്തതായും റിപ്പോർട്ട് പുറത്തു വന്നതോടെയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്തും സജീവമായി ഉണ്ടാകും എന്ന് ഉറപ്പായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മക്കൾ സേവയ് കച്ചി’ എന്നായിരിക്കും താരത്തിന്റെ പാർട്ടിയുടെ പേര് എന്നും ഓട്ടോറിക്ഷയോ ബാബ സിനിമയിൽ താരം ഉപയോഗിച്ച മുദ്രയോ ചിഹ്നമായേക്കുമെന്നുമാണ് വിവരം. തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ സേവയ് കച്ചിയും ഓട്ടോറിക്ഷയും സംസ്ഥാനത്ത് ഉടനീളമായി ഓടിത്തുടങ്ങുമെന്നും ദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടിൽ പറയുന്നു.
അനൈത് ഇന്ത്യാ മക്കൾ ശക്തി കഴകം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ റജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ‘മക്കൾ സേവൈ കച്ചി’ എന്ന് പുനർ നാമകരണം ചെയ്യുകയായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തിൽ പറയുന്നു.
സാധാരണക്കാരന്റെ ജീവിതമാർഗ്ഗത്തിൽ പെടുന്നത് എന്ന നിലയിലാണ് ഓട്ടോറിക്ഷ ചിഹ്നമായി സ്വീകരിച്ചത്. സംസ്ഥാനത്ത് ഉടനീളമുള്ള 234 സീറ്റുകളിലെ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ‘ഓട്ടോറിക്ഷ’ പൊതു ചിഹ്നമായി ഉപയോഗിക്കാനുള്ള അനുമതി ചോദിച്ചു രജനിയുടെ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷയും നൽകിയിട്ടുണ്ട്. രജനീകാന്തിന്റെ പേരിൽ അപേക്ഷ നൽകിയിരിക്കുന്നത് മറ്റൊരാളാണ്.
2002 ൽ രജനീകാന്ത് അഭിനയിച്ച ‘ബാബ’ എന്ന തമിഴ് സിനിമയിൽ താരം ഉപയോഗിച്ച ഇരുവിരൽ മുദ്രയോ 1995 ൽ താരത്തിന്റെ വൻ ഹിറ്റായി മാറിയ സിനിമ ‘ബാഷ’ യിലെ ഓട്ടോറിക്ഷയോ ചിഹ്നമായി നൽകണമെന്നാണ് ആവശ്യം.
മുദ്ര ഒന്നാമതും ഓട്ടോറിക്ഷ രണ്ടാമതുമാണ് മുൻഗണന നൽകിയിട്ടുള്ളത്. മിക്കവാറും പാർട്ടിക്ക് മക്കൾ സേവൈ കച്ചി എന്ന പേരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്ക് സമാനമായ ‘ഇരു വിരൽ’ ചിഹ്നവും അനുവദിച്ചേക്കുമെന്നാണ് വിലയിരുത്തൽ.