
സ്വന്തം ലേഖകൻ
ആലപ്പുഴ: റെയിൽ വേ സ്റ്റേഷനിലെ ചായക്കാരൻ പയ്യൻ ഇന്ത്യയുടെ പ്രധാനമന്ത്രിയായ നാട്ടിൽ, പൊലീസ് സ്റ്റേഷനിൽ ചായ നൽകിയിരുന്ന യുവാവ് കാക്കിയണിഞ്ഞു. പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നാണെങ്കിൽ ഈ കാക്കിക്കാരനായ ചായക്കാരൻ്റെ നാട് ആലപ്പുഴയായ്.
ആലപ്പുഴ സ്വദേശിയായ മിഥുനാണ് ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി പൊലീസാകുന്നത്. മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപം ഒരു കട നടത്തിവരികയാണ് മിഥുന്റെ പിതാവായ മനോഹരന്. സ്റ്റേഷനിലേക്കുള്ള ചായയും കാപ്പിയുമൊക്കെ എത്തിക്കുന്നത് ഈ കടയില്‍ നിന്നാണ്. പഠനത്തിന്റെ ഇടയില്‍ അച്ഛനെ സഹായിക്കാന്‍ എത്തുന്ന മിഥുനാണ് പലപ്പോഴും ചായയുമായി സ്റ്റേഷനിലെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് മുതലാണ് കാക്കിയോടുള്ള മോഹം മിഥുന്റെ മനസിലും കടന്നു കൂടിയത്. തുടര്‍ന്ന് ചേര്‍ത്തല എസ്എന്‍ കോളജില്‍ ബിഎസ്സി ബോട്ടണിക്കു പഠിക്കുമ്പോള്‍ ഒപ്പം പിഎസ് സി പരിശീലനവും തുടങ്ങി. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മനോജിന്റെ നിര്‍ദേശം അനുസരിച്ചാണ് പൊലീസ് ടെസ്റ്റിനുള്ള പരിശീലനവും തുടങ്ങിയത്.
2018 ലെ പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മിഥുന് 415-ാം റാങ്ക്. പിന്നാലെ കായികക്ഷമതാ പരീക്ഷയും പാസ്സായി. നിലവില്‍ തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആകാനുള്ള പരിശീലനത്തിലാണ് മിഥുന്.
കഞ്ഞിക്കുഴി കുന്നത്തു വീട്ടില്‍ മനോഹരന്റെയും ഷൈലമ്മയുടെയും മകനാണ് 23കാരനായ മിഥുന്. മകന് പൊലീസായി എത്തുമ്പോള്‍ അച്ഛന് മനോഹരനും ഒരു ആഗ്രഹമുണ്ട്. മകന് പൊലീസായി ഇരിക്കുന്ന സ്റ്റേഷനില്‍ ചായയുമായി പോകണം എന്ന ആഗ്രഹം..







