പ്രളയം വന്നാലും ഞങ്ങൾക്ക് കുടിച്ചേ പറ്റൂ; ഉത്രാടദിനത്തിൽ ഇരിങ്ങാലക്കുടയിൽ വിറ്റത് 1.21 കോടിയുടെ മദ്യം

പ്രളയം വന്നാലും ഞങ്ങൾക്ക് കുടിച്ചേ പറ്റൂ; ഉത്രാടദിനത്തിൽ ഇരിങ്ങാലക്കുടയിൽ വിറ്റത് 1.21 കോടിയുടെ മദ്യം

സ്വന്തം ലേഖകൻ

തൃശൂർ: പ്രളയകെടുതിയിലും സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. ഉത്രാട ദിനത്തിൽ ഇരിങ്ങാലക്കുടയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ വിറ്റത് 1.21 കോടിയുടെ മദ്യം. ഒരു വിൽപ്പന ശാലയിൽ ഒറ്റ ദിവസം ഇത്രയധികം മദ്യം വിൽക്കുന്നത് സംസ്ഥാനത്തു തന്നെ റെക്കോർഡാണെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. ഉത്രാടത്തിന്റെ തലേ ദിവസവും ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ വൻ വിൽപ്പന നടന്നിരുന്നു. 80 ലക്ഷം രൂപയുടെ മദ്യമാണ് അന്നു വിറ്റുപോയത്. തിരുവോണനാളിൽ അവധിയായതിനാലാണ് ഉത്രാടത്തിന് വൻ വിൽപ്പന വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ആദ്യമായാണ് തിരുവോണ നാളിൽ ബിവറേജസ് കോർപ്പറേഷൻ അവധി പ്രഖ്യാപിക്കുന്നത്. വെളളപ്പൊക്കം മൂലം സമീപത്തുള്ള മദ്യശാലകൾ അടച്ചിടേണ്ടിവന്നതിനാലാണ് ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ വിൽപ്പന കൂടാൻ കാരണമെന്ന് ജീവനക്കാർ പറഞ്ഞു.