play-sharp-fill
ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവുമായി ‘പുലി’: അപകടം മണത്ത പൊലീസ് സാധനങ്ങൾ പിടിച്ചെടുത്തു; പുലി സംഘം എത്തിയത് കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിൽ

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണവുമായി ‘പുലി’: അപകടം മണത്ത പൊലീസ് സാധനങ്ങൾ പിടിച്ചെടുത്തു; പുലി സംഘം എത്തിയത് കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിൽ

സ്വന്തം ലേഖകൻ
കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുന്നതിനായി 30 ലോഡ് സാധനങ്ങളുമായി തമിഴ്പുലി സംഘം കോട്ടയത്ത്. അപകടം മണത്ത പൊലീസ് സംഘം പത്തു ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ വിശദമായി പരിശോധിച്ച ശേഷം ക്യാമ്പുകളിൽ വിതരണം ചെയ്തു. തമിഴ്പുലി സംഘത്തലവൻ വേലുപ്പിള പ്രഭാകരന്റെ ചിത്രങ്ങളും, എൽടി.ടിയുടെ സമാനമായ രിതിലുള്ള കൊടികെട്ടിയ വാഹനത്തിൽ എത്തിയ പുലി സംഘത്തെയാണ് പൊലീസ് സംശയിച്ച് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവർ കൊണ്ടു വന്ന സാധനങ്ങൾ ഞായറാഴ്ച ഉച്ചയോടെ പരിശോധന പൂർത്തിയാക്കി വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തു.
തിരുവോണ ദിവസം വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവങ്ങൾ. തമിഴ്‌നാട്ടിലെ നാം തമിഴർ കക്ഷി എന്ന സംഘടനയുടെ അംഗങ്ങളും പ്രവർത്തകരുമാണ് 30 വാഹനങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങളുമായി എത്തിയത്. അരി, പലചരക്ക്, തുണിത്തരങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ചൂല്, മുറം, ബിസ്‌ക്കറ്റ്, അവശ്യ വസ്തുക്കൾ എന്നവയടക്കം അൻപത് ടണ്ണിലേറെ സാധനങ്ങൾ ഈ സംഘം കൊണ്ടു വന്നിരുന്നു. ഇവയെല്ലാം പൊലീസിനെ ഏൽപ്പിച്ച വിവിധ ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യുന്നതിനായിരുന്നു സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇവർ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ സമീപിച്ച് സാധനങ്ങൾ ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ കോട്ടയം എ.ആർ ക്യാമ്പിൽ സാധനങ്ങൾ ഇറക്കി വയ്ക്കുകയും, തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുകയുമായിരുന്നു പദ്ധതി.
സാധനങ്ങൾ എ.ആർ ക്യാമ്പിൽ ഇറക്കി വച്ചതിനു ശേഷമാണ് ഇവർ തമിഴ്പുലി അനൂഭാവം പ്രകടിപ്പിക്കുന്ന സംഘടനയാണെന്നു ജില്ലാ പൊലീസ് മേധാവിയ്ക്ക് വിവരം ലഭിച്ചത്. തുടർന്നു ഇദ്ദേഹം ഈസ്റ്റ് സി.ഐ സാജു വർഗീസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ എ.ആർ ക്യാമ്പിലെത്തി പൊലീസ് പരിശോധിച്ചു. ബോംബ് സ്‌ക്വാഡും വിദഗ്ധ സംഘവും സ്ഥലത്ത് എത്തി സാധനങ്ങൾ പരിശോധിച്ച് അപകടകമായത് ഒന്നുമില്ലെന്ന് കണ്ടെത്തി. നാം തമിഴർ കക്ഷി തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുള്ള പാർട്ടിയാണമെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, തീവ്രവാദ സ്വഭാവമുള്ള സംഘടനയിൽ നിന്നും സഹായം സ്വീകരിക്കുന്നത് പിന്നീട് ഒരു ആരോപണത്തിന് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം ഈ സമയം കൃത്യമായി ഇടപെടുകയായിരുന്നു. സി.ആർ.പി.സി 102 വകുപ്പ് പ്രകാരം മുൻകരുതൽ നടപടി എന്ന നിലയിൽ സാധനങ്ങൾ പിടിച്ചെടുത്തു. തുടർന്ന് ഇവർ ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ റവന്യു അധികൃതരുടെ സഹായത്തോടെ വിതരണം ചെയ്തു.