play-sharp-fill
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്; കോട്ടയം ജില്ല പൂർണ്ണ സജ്ജം: ജില്ലാ കളക്ടർ; ജനവിധി തേടുന്നത് അയ്യായിരത്തിലേറെ സ്ഥാനാർത്ഥികൾ

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്; കോട്ടയം ജില്ല പൂർണ്ണ സജ്ജം: ജില്ലാ കളക്ടർ; ജനവിധി തേടുന്നത് അയ്യായിരത്തിലേറെ സ്ഥാനാർത്ഥികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോട്ടയം ജില്ല പൂർണമായും സജ്ജമായതായി ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശപ്രകാരമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിവരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ ഒൻപതിന് ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ 17 കേന്ദ്രങ്ങളിൽ നടക്കും. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേകമായി അനുവദിച്ച സമയത്താണ് വിതരണം.

ഡിസംബർ പത്തിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് തിരഞ്ഞെടുപ്പ്. വിതരണ കേന്ദ്രങ്ങളിലെയും പോളിംഗ് ബൂത്തുകളിലെയും ക്രമീകരണങ്ങൾ കുറ്റമറ്റതെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരും സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലുമായി ആകെ 1512 നിയോജക മണ്ഡലങ്ങളിലായി(ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകൾ-146, ഗ്രാമപഞ്ചായത്തുകൾ-1140, മുനിസിപ്പാലിറ്റികൾ-204) 5432 സ്ഥാനാർഥികളാണ്(ജില്ലാ പഞ്ചായത്ത് -89, ബ്ലോക്ക് പഞ്ചായത്തുകൾ-491 ഗ്രാമപഞ്ചായത്തുകൾ-4118, മുനിസിപ്പാലിറ്റികൾ-734) ജില്ലയിൽ മത്സര രംഗത്തുള്ളത്.

ആകെ 1613594 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 833032 സ്ത്രീകളും 780551 പുരുഷൻമാരും മറ്റു വിഭാഗത്തിൽപെടുന്ന 11 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 1372533 ഉം മുനിസിപ്പാലിറ്റികളിൽ 241061 ഉം വോട്ടർമാരാണുള്ളത്.

ഏറ്റവുമധികം വോട്ടർമാരുള്ള ഗ്രാമപഞ്ചായത്ത് എരുമേലിയാണ്. 35006 വോട്ടർമാരാണ് ഇവിടെയുള്ളത്. വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവ് തലനാട് ഗ്രാമപഞ്ചായത്തിലാണ് -5618 പേർ. മുനിസിപ്പാലിറ്റികളിൽ ഏറ്റവുമധികം വോട്ടർമാരുള്ളത് കോട്ടയത്തും(103025) ഏറ്റവും കുറവ് പാലായിലു(19771)മാണ്.

ആകെ 2332 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്(ഗ്രാമപഞ്ചായത്തുകൾ-2079, മുനിസിപ്പാലിറ്റി-253)

പോളിംഗ് ജോലികൾക്കായി 11660 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ റിസർവ് പട്ടികയിൽ 2331 ഉദ്യോഗസ്ഥരുണ്ട്. കോവിഡ് രോഗികൾക്കും ക്വാറൻറയിനിൽ കഴിയുന്നവർക്കുമുള്ള സ്‌പെഷ്യൽ തപാൽ വോട്ടിനായി മൂന്ന് ഉദ്യോഗസ്ഥർ വീതം അടങ്ങുന്ന 171 സംഘങ്ങൾ സേവനമനുഷ്ഠിക്കുന്നു.

മുനിസിപ്പാലിറ്റികളിൽ വോട്ടിംഗ് യന്ത്രത്തിൻറെ 253 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 2351 കൺട്രോൾ യൂണിറ്റുകളും 7053 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും.

മുനിസിപ്പാലിറ്റികളിൽ 53 റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ കരുതിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ റിസർവായി 46 കൺട്രോൾ യൂണിറ്റുകളും 128 ബാലറ്റ് യൂണിറ്റുകളുമുണ്ട്.

കോവിഡ് പ്രതിരോധത്തിനായി ഓരോ പോളിംഗ് ബൂത്തിലും ഏഴു ലിറ്റർ സാനിറ്റൈസർ, 18 മാസ്‌കുകൾ, 12 കയ്യുറകൾ, ആറ് ഷീൽഡുകൾ, അഞ്ച് പി.പി.ഇ കിറ്റുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

സ്‌പെഷ്യൽ തപാൽ വോട്ടുകൾ
സ്‌പെഷ്യൽ തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള വിവരശേഖരണത്തിനായി 14698 പേരുടെ പട്ടികയാണ് ജില്ലാ കോവിഡ് സെല്ലിൽനിന്നും ഇതുവരെ തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് കൈമാറിയിട്ടുള്ളത്. ഇതിൽ 5416 പേർ രോഗികളും 9282 പേർ ക്വാറൻറയിനിൽ കഴിയുന്നവരുമാണ്. സ്‌പെഷ്യൽ തപാൽ വോട്ട് സെല്ലിൽ പ്രാഥമിക പരിശോധനയ്ക്കുശേഷം 13792 പേരുടെ പട്ടിക വരണാധികാരികൾക്ക് നൽകി.

പോളിംഗ് ഉദ്യോഗസ്ഥർ താമസസ്ഥലത്ത് എത്തിയും തപാൽ വോട്ടു മുഖേനയും ഇവർക്ക് വോട്ടു ചെയ്യുന്നതിന് സൗകര്യം ഒരുക്കിവരുന്നു. ഡിസംബർ ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ രോഗം സ്ഥിരീകരിക്കുകയോ ക്വാറൻറയിൻ നിർദേശിക്കപ്പെടുകയോ ചെയ്യുന്നവർക്ക് സ്‌പെഷ്യൽ തപാൽ വോട്ടായിരിക്കും അനുവദിക്കുക.

രോഗം ബാധിച്ചവരും ക്വാറൻറയിനിൽ കഴിയുന്നവരും ഉൾപ്പെടെ മറ്റു ജില്ലക്കാരായ 155 പേരുടെ പട്ടിക അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മറ്റു ജില്ലകളിലുള്ള കോട്ടയം ജില്ലക്കാരായ 39 പേരുടെ വിവരം ഇതുവരെ ഇവിടെ ലഭിക്കുകയും ചെയ്തു. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യൽ വോട്ടർമാർ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ ബന്ധപ്പെടണം. വോട്ടെണ്ണൽ ദിവസമായ ഡിസംബർ 16ന് രാവിലെ എട്ടുവരെ ലഭിക്കുന്ന തപാൽ വോട്ടുകളാണ് പരിഗണിക്കുക.

സ്‌പെഷ്യൽ തപാൽ വോട്ട് പട്ടികയിൽ ഇല്ലാത്തവർക്ക് പ്രത്യേക ക്രമീകരണം
ഡിസംബർ ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിക്കപ്പെടുകയോക്വാറൻറയിൻ നിർദേശിക്കപ്പെടുകയോ ചെയ്തവർക്ക് വൈകുന്നേരം പോളിംഗ് ബൂത്തിലെത്തി നേരിട്ട് വോട്ടു ചെയ്യാം. ഇവർ ആറു മണിക്ക് മുൻപ് ബൂത്തിലെത്തണം. ക്യൂവിലുള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ടു ചെയ്തു കഴിഞ്ഞശേഷമേ ഇവരെ വോട്ടു ചെയ്യാൻ അനുവദിക്കൂ.

ഇങ്ങനെ എത്തുന്നവർ ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ ഫോറം 19 സിയിൽ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കണം. സ്‌പെഷ്യൽ വോട്ടർമാർ പോളിംഗ് ബൂത്തിൽ കയറുന്നതിനു മുൻപ് പോളിംഗ് ഉദ്യോഗസ്ഥരും ഏജൻറുമാരും നിർബന്ധമായും പിപിഇ കിറ്റ് ധരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടർമാർക്കുള്ള എല്ലാ നടപടിക്രമങ്ങളും സ്‌പെഷ്യൽ വോട്ടർമാർക്കും ബാധകമാണ്. എന്നാൽ കയ്യുറ ധരിച്ചു മാത്രമേ വോട്ടിംഗ് യന്ത്രത്തിൽ സ്പർശിക്കാവൂ. വോട്ടിംഗ് രജിസ്റ്ററിൽ ഒപ്പിടുന്നതിന് പ്രത്യേകം പേന ഉപയോഗിക്കണം.

സർക്കാർ നിയന്ത്രണത്തിലുള്ള ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നവരെ ആരോഗ്യവകുപ്പ് പോളിംഗ് കേന്ദ്രത്തിൽ എത്തിക്കും. സർക്കാർ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന രോഗികൾ പിപിഇ കിറ്റ് ധരിച്ച് സ്വന്തം ചിലവിൽ എത്തണം. പോളിംഗ് സ്റ്റേഷനിലേക്ക് വരുന്നതിനിടയിൽ പുറത്തിറങ്ങാൻ പാടില്ല. ഇവരെ കൊണ്ടുവരുന്ന ഡ്രൈവർമാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം.