ബാങ്ക് ജീവനക്കാരനെ പ്രണയം നടിച്ച് കെണിയിലാക്കി: കെണിയിൽ കുടുങ്ങിയ ജീവനക്കാരൻ്റെ സഹായത്തോടെ പണയം വച്ചത് 1.60 കോടിയുടെ മുക്ക് പണ്ടം: പണയത്തട്ടിപ്പിലൂടെ ആഡംബര ജീവിതം നയിച്ച ബ്യൂട്ടി പാർലർ ഉടമയായ ബിന്ദു കുടുങ്ങി

Spread the love

തേർഡ് ഐ ക്രൈം

കോഴിക്കോട്: ബാങ്ക് ജീവനക്കാരനെ പ്രണയം നടിച്ച് കെണിയിലാക്കിയ ബ്യൂട്ടി പാർലർ ഉടമയായ യുവതി മുക്കുപണ്ടത്തിൽ തീർത്ത സ്വർണം പണയം വച്ച് തട്ടിയത് കോടികൾ. ബാങ്ക് അധികൃതർ സംശയം തോന്നി നടത്തിയ ഓഡിറ്റ് അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

മുക്കുപണ്ടം പണയം വച്ച്‌ ഒരു കോടി അറുപത് ലക്ഷം രൂപയാണ് ഇവർ തട്ടിയത്. പ്രമുഖ ദേശസാല്‍കൃത ബാങ്കിലാണ് അഞ്ചരക്കിലോയിലധികം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടിയത്. സംഭവത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ബിന്ദു എന്ന യുവതിയെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. അതേസമയം, സംഭവത്തില്‍ യുവതിക്ക് സഹായം ചെയ്ത ബാങ്ക് ജീവനക്കാരനുള്‍പ്പെടെ കൂടുതലാളുകള്‍ കേസില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കുപണ്ടങ്ങള്‍ പണയം വച്ച ബാങ്കിനോട് ചേര്‍ന്നാണ് ബിന്ദുവിന്റെ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍, തുണിക്കട, ഹോസ്റ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ പൂര്‍ണമായും ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് ബിന്ദു തട്ടിപ്പ് നടത്തിയത്. ഒറ്റനോട്ടത്തില്‍ സ്വര്‍ണമല്ലെന്ന് സംശയം തോന്നാത്ത മാലയും വളയും കമ്മലുമെല്ലാം ബാങ്കിലെ ജീവനക്കാരന്റെ സഹായത്തോടെ പണയം വയ്ക്കുകയായിരുന്നു.

സ്വന്തം പേരിലും ബിന്ദുവിന്റെയും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റ് എട്ട് ജീവനക്കാരുടെയും അക്കൗണ്ട് വഴിയാണ് നാല്‍പ്പത്തി നാല് തവണകളായി ഒരു കോടി അറുപത്തി ഒന്‍പത് ലക്ഷത്തിലധികം രൂപ വാങ്ങിയത്. സ്വര്‍ണപ്പണയ ഇനത്തില്‍ ഇത്രയും കൂടിയ തുക കൈമാറിയതില്‍ സംശയം തോന്നിയ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് സംഭവം പുറം ലോകം അറിയുന്നത്.

നടക്കാവിലെ വാടക ഫ്ളാറ്റില്‍ കഴിഞ്ഞിരുന്ന ബിന്ദു സ്വന്തം കച്ചവടം വിപുലമാക്കുന്നതിനും ആഢംബര ജീവിതത്തിനുമാണ് പണം ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് പണം തട്ടിയ കേസില്‍ നേരത്തെയും ബിന്ദുവിന്റെ പേരില്‍ വയനാട് ജില്ലയില്‍ കേസുണ്ട്.