
നിറ്റാ ജലാറ്റിന്‍ സിഐഐ അംഗീകാരം
സ്വന്തം ലേഖകൻ
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രീസിന്റെ (സിഐഐ) ബിസിനസ് എക്സലന്‍സ് മെച്ച്യൂറിറ്റി അസസ്സ്മെന്റ് പ്രോഗ്രാം 2020-ല്‍ രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാവായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍ജിഐഎല്‍) ഗോള്‍ഡ് ബഹുമതി ലഭിച്ചു.
കേരളത്തില്‍ കൊരട്ടി, കാക്കനാട്, അരൂര്‍ എന്നിവിടങ്ങളിലും ഗുജറാത്തില്‍ അംഖലേശ്വര്, മഹാരാഷ്ട്രയില്‍ ചന്ദ്രാപൂര്‍ എന്നിവിടങ്ങളിലും ഫാക്ടറികളുള്ള നിറ്റാ ജലാറ്റിന്‍ കമ്പനി യുഎസ്, ജപ്പാന്, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്ഐഡിസി) നിറ്റാ ജലാറ്റിന്‍ ജപ്പാന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗീകാരം കരസ്ഥമാക്കിയതിന് നിറ്റാ ജലാറ്റിനെ അഭിനന്ദിച്ച സിഐഐയുടെ ക്വാളിറ്റി കൗണ്‍സില്‍ കമ്പനിയുടേത് സവിശേഷ അംഗീകാരമാണെന്ന് വിശേഷിപ്പിച്ചു. ബിസിനസ് എക്സലന്‍സ് പരിപാടിയുടെ ഭാഗമായി എന്‍ജിഐഎല്‍ 5എസ്, കെയ്സണ്‍, ടോട്ടല്‍ പ്രൊഡക്ടിവ് മെയിന്റനന്‍സ് തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കംകുറിച്ചിരുന്നു. കമ്പനിയുടെ മുന്നോട്ടുള്ള യാത്രയില്‍ ഈ അംഗീകാരം ഏറെ പ്രചോദനമാകുമെന്ന് എന്‍ജിഐഎല്‍ ഡയറക്ടര്‍ (ടെക്നിക്കല്‍) ഡോ. ഷിന്യ തക്കാഹാഷി പറഞ്ഞു.
മികച്ച ബിസിനസ് രീതികള്‍ അവലംബിക്കുന്നതിന് കമ്പനിയുടെ ജീവനക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് എന്‍ജിഐഎല്‍ ബിസിനസ് എക്സലന്‍സ് വിഭാഗം മേധാവി മധുസൂദന്‍ കെ.എസ് അഭിപ്രായപ്പെട്ടു.