കൊവിഡ് വാക്‌സിനുമായി കിംജോങ് ഉൻ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്; വാക്‌സിൻ പുറത്തു വിടാതെ കിമ്മിന്റെ ചതി; ചൈനീസ് സ്ഥാപനം ഉത്പാദിപ്പിച്ച വാക്‌സിൻ ലഭിച്ചത് ഉത്തരകൊറിയൻ ഏകാധിപതിയ്ക്ക്
തേർഡ് ഐ ബ്യൂറോ
സോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രൂരനായ ഏകാധിപതി കിംജോങ് ഉന്നിനു കൊവിഡ് വാക്‌സിൻ ലഭിച്ചതായി റിപ്പോർട്ട്. ചൈനീസ് കമ്പനി ഉത്പാദിപ്പിച്ച വാക്‌സിനാണ് കിം ജോങ് ഉന്നിന്റെ കയ്യിൽ ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ വാക്‌സിൻ ലഭിച്ച വിവരം കിം പുറത്തു വിട്ടിട്ടില്ല. ജപ്പാനിലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കിം ജോങ് ഉന്നിന് വാക്‌സിൻ ലഭിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ചൈനീസ് സ്ഥാപനം ഉത്പാദിപ്പിച്ച പരീക്ഷണ വാക്സിനാണ് കിമ്മിന് കുത്തിവെച്ചതെന്നാണ് യു.എസ് വിദഗ്ദ്ധരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് ജാപ്പനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണിലെ നാഷണൽ ഇന്റെറസ്റ്റ് തിങ്ക് ടാങ്കിലെ ഉത്തര കൊറിയൻ വിദഗ്ദധനായ ഹാരി കാസിയൻസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഉത്തര കൊറിയൻ നേതാക്കൾക്കുള്ള വാക്സിൻ വിതരണം ചെയ്തത് ഏതു കമ്ബനിയാണെന്നോ ഈ വാക്സിൻ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നോ വ്യക്തമല്ല. ‘കിം ജോങ് ഉന്നും കിം കുടുംബത്തിലെ അടക്കം ഉന്നത ഉദ്യോഗസ്ഥരും ഭരണരംഗത്തെ പ്രമുഖരും ചൈനീസ് സർക്കാർ നൽകിയ പരീക്ഷണ വാക്സിൻ കുത്തിവെച്ചു’ അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, കാൻസിനോ ബയോ, സിനോഫാം എന്നിവ ഉൾപ്പെടെ മൂന്നിലധികം ചൈനീസ് കമ്പനികൾ കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരിൽ വാക്സിൻ കുത്തിവെച്ചിട്ടുണ്ടെന്നാണ് സിനോഫാം വ്യക്തമാക്കുന്നതെങ്കിലും വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല. അതേസമയം, കിം ജോങ് ഉൻ ഒരു പരീക്ഷണ വാക്സിൻ കുത്തിവെയ്ക്കാൻ ധൈര്യപ്പെടുമോ എന്നും ചില വിദഗ്ദധർ സംശയമുന്നയിച്ചിട്ടുണ്ട്.
ചൈനയുടെ വാക്സിൻ ഫലപ്രദമാണെന്ന് അംഗീകരിക്കപ്പെട്ടാൽ പോലും ഒരു മരുന്നും പൂർണമായും കുറ്റമറ്റതല്ലെന്നും വാക്സിൻ സ്വീകരിക്കുന്നതിനു പകരം വൈറസിനെതിരെ സ്വയം ഒറ്റപ്പെട്ടു കഴിയാനായി കിം ജോങ് ഉന്നിന് രാജ്യത്ത് നിരവധി താവളങ്ങളുണ്ടെന്നുമാണ് എട്ടു വർഷം മുൻപ് ഉത്തരകൊറിയയിൽ നിന്ന് രക്ഷപെട്ട പകർച്ചവ്യാധി വിദഗ്ദധനായ ചോയ് ജുങ് ഹുൻ പറയുന്നത്.
ചൈനീസ് വാക്സിനെ അപേക്ഷിച്ച് താരതമ്യേന സുരക്ഷിതമെന്ന് കരുതപ്പെടുന്ന യൂറോപ്യൻ വാക്സിനുകളിലൊന്ന് കിം സ്വീകരിക്കാനാണ് സാദ്ധ്യത കൂടുതലെന്ന് പകർച്ചവ്യാധി വിദഗ്ദനായ മാർക് ബെറിയും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ഉത്തര കൊറിയ ഇതുവരെ ഒരു കൊവിഡ് ബാധ പോലും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ജനുവരിയിൽ അതിർത്തികൾ അടയ്ക്കുന്നതിനു മുൻപ് ചൈനയുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതിനാൽ രാജ്യത്ത് വൈറസ് നേരത്തെ തന്നെ പടർന്നിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്.