ഫോണിൽ മെസേജ് അയച്ചതിനെച്ചൊല്ലി തർക്കം നീറിക്കാട്ട് യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി; നടുറോഡിൽ വച്ച് കാറിടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റാനും ശ്രമിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: മൊബൈൽ ഫോണിൽ മെസേജ് അയച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു അയർക്കുന്നം നീറിക്കാട്ട് അയൽവാസികൾ യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീറിക്കാട് തട്ടാറുകുന്നേൽ ടി.സി രതീഷിനെയാണ് ഒരു സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചതും വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതും. രതീഷിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രതീഷിന്റെ സഹോദരിയുടെ മകനും പ്രതികളും തമ്മിൽ നേരത്തെ ഫോണിൽ മെസേജ് അയച്ചതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതു പിന്നീട് പൊലീസ് സ്റ്റേഷനിൽ വച്ചു പറഞ്ഞു പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ 30 ന് രാവിലെ നീറിക്കാട് തണ്ടാശേരി ഭാഗത്തു വച്ച് കാറിലെത്തിയ സംഘം രതീഷിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
റോഡരികിലൂടെ നടന്നു പോയ രതീഷിനെ പിന്നാലെ എത്തിയ കാർ ഇടിച്ചു വീഴ്ത്തി. തുടർന്നു, കാർ പിന്നിലേയ്ക്ക് എടുത്ത ശേഷം രതീഷിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിനു പിന്നിൽ കഞ്ചാവ് മാഫിയ ആണെന്നാണ് ആരോപണം. അയർക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.