കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തകൻ മരിച്ചു: മരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരൻ: എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി സോമരാജൻ അന്തരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: എൻജിഒ യൂണിയൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനും ആയ ജി സോമരാജൻ (53)(പറമ്പി), അന്തരിച്ചു. കൊല്ലം മുളവന ചെരുവിൽ പുത്തൻവീട്ടിൽ ഗോവിന്ദന്റെയും നാണിയുടെയും മകനാണ്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ആണ് മരണം സംഭവിച്ചത്. മറ്റ് രോഗങ്ങൾക്കും ചികിത്സയിലിരിക്കെ ആണ് കോവിഡ് ബാധിച്ചത്.
നാടിന്റെ നാനാമേഖലയിൽ നിന്നും ജനങ്ങൾ സോമരാജന് ആദരാഞ്ജലി അർപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയും രക്തവും ആയി വിവിധ ആവശ്യങ്ങൾക്ക് ഏത് ജില്ലയിൽ നിന്ന് വരുന്നവർക്കും വലിയ സഹായമായി ഓടി നടന്നിരുന്നതും ഇദ്ദേഹമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആധുനികവത്കരിച്ചതിലും ഇദ്ദേഹത്തിന്റെ നിർണ്ണായക പങ്കുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങളോളം എൻജിഒ യൂണിയൻ കോട്ടയം ആർപ്പൂക്കര-ഏറ്റുമാനൂർ ഏരിയ സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവർത്തിച്ചിരുന്നു സോമരാജൻ. ജീവനക്കാരുടെ എല്ലാ അവകാശ പോരാട്ടങ്ങളുടെയും മുന്നിൽ നിന്ന് ഇദ്ദേഹം നയിച്ചിരുന്നു. 2002-ലെ 32 ദിവസത്തെ പണിമുടക്കിലും 2013-ലെ പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതിനെതിരെ നടന്ന പണിമുടക്കിലും ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
നിലവിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കൗൺസിലംഗവും ആണ്. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാന്നാനം കുട്ടിപ്പടി കാർത്തിക വീട്ടുവളപ്പിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി അഭയം ചാരിറ്റബിൾ സൊസൈറ്റി നിർവഹിക്കും. ഭാര്യ: ഡെയ്‌സമ്മ പി ടി (സ്റ്റാഫ് നേഴ്‌സ്, കോട്ടയം മെഡിക്കൽ കോളേജ്), മക്കൾ: ലക്ഷ്മി ഡി എസ് (തിരുവനന്തപുരം), കൈലാസ് എസ് (വിദ്യാർത്ഥി, ഐഎച്ച്എം, കോവളം), മരുമകൻ: അഖിൽ രാജ് (ഇൻഡസ് ഇൻഡ് ബാങ്ക്, തിരുവനന്തപുരം)