കോട്ടയം നഗരസഭ 22 ആം വാർഡിൽ വിചിത്ര മത്സരം: കൂറുമാറ്റത്തിന് അയോഗ്യനാക്കിയ ആൾ കോൺഗ്രസ് സ്ഥാനാർത്ഥി; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് പോലും കിട്ടാത്ത സ്ഥാനാർത്ഥിയുടെ ഭർത്താവ് ഇടതു റിബൽ; കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരികെ പിടിക്കാമെന്ന പ്രതീക്ഷയിൽ ഇടതു മുന്നണി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിലെ 22 ആം വാർഡിൽ വിചിത്രമായ മത്സരവുമായി മുന്നണികൾ. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനു അയോഗ്യനാക്കിയ ആൾ, ആറു വർഷത്തിനു ശേഷം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിറങ്ങുമ്പോൾ, കഴിഞ്ഞ തവണ ഭാര്യയ്ക്കു കെട്ടിവച്ച കാശ് പോലും കിട്ടാതിരുന്ന സീറ്റിൽ ഇക്കുറി ഭർത്താവ് റിബലായി മത്സരിക്കാനിറങ്ങുകയാണ്. ഇവർക്കു രണ്ടു പേർക്കുമിടയിലൂടെ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരികെ പിടിക്കാനാണ് കേരള കോൺഗ്രസ് ഇടതു പാളത്തിൽ എത്തിയ ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ശ്രമം.
.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തവണ കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നത്തിൽ ചിറയിൽപ്പാടം വാർഡിൽ മത്സരിച്ചു വിജയിച്ച അനുഷ കൃഷ്ണയുടെ ഭർത്താവ്, ജയകൃഷ്ണനാണ് ഇക്കുറി ഈ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നത്തിൽ ഇടതു മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ഈ വാർഡിൽ മത്സരിക്കുന്നത് ജി.സജീവാണ്. കഴിഞ്ഞ തവണ ഭാര്യ ലിൻസിയെ മത്സരിപ്പിച്ച് കെട്ടി വച്ച കാശു പോയ ജനതാദൾ നേതാവ് മാത്യു മൈക്കിൾ ഇക്കുറി റിബൽ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. ഇതെല്ലാം ചേരുന്ന അവിയൽ തിരഞ്ഞെടുപ്പാണ് ഈ വാർഡിൽ ഇക്കുറി നടക്കുന്നത്.
ആറു വർഷം മുൻപ് നഗരസഭ അംഗമായിരുന്ന ജയകൃഷ്ണൻ കോൺഗ്രസിന്റെ ചെയർപേഴ്‌സണെതിരെ കൂറ് മാറി വോട്ട് ചെയ്തതിനെ തുടർന്നാണ് അയോഗ്യനാക്കപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ ജയകൃഷ്ണന്റെ ഭാര്യ അനുഷയാണ് ചിറയിൽപ്പാടം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിച്ചത്. അനുഷയും, ജയകൃഷ്ണനും ഇത്തവണ തിരഞ്ഞെടുപ്പിന്റെ തലേന്നു വരെ കേരള കോൺഗ്രസിൽ അംഗമായിരുന്നു. എന്നാൽ, രാത്രിയ്ക്കു രാത്രിയാണ് ഇരുവരും കാലുമാറി കോൺഗ്രസിന്റെ ഭാഗമായത്.
ഇക്കുറി ഈ സീറ്റിൽ ഭർത്താവ് ജയകൃഷ്ണനെ തന്നെ സ്ഥാനാർത്ഥിയാക്കുന്നതിനു വേണ്ടിയാണ് ഇരുവരും കേരള കോൺഗ്രസിൽ നിന്നും കാലുമാറിയത്. എന്നാൽ, കേരള കോൺഗ്രസ് ഇടതു മുന്നണിയുടെ ഭാഗമായതോടെ ഇടതു മുന്നണി സ്ഥാനാർത്ഥായി എത്തുന്നത് സജീവാണ്. ഇതും സി.പി.എമ്മിന്റെ വോട്ടുകളും കൂടി ചേരുമ്പോൾ വിജയിക്കാനാവുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.
എന്നാൽ, കഴിഞ്ഞ തവണ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ലിൻസി മാത്യുവിന് കെട്ടിവച്ച കാശുപോലും കിട്ടിയിരുന്നില്ല. എന്നിട്ടു പോലും ഇവരുടെ ഭർത്താവ് ഇക്കുറി മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. ഇടതു വലതു മുന്നണികൾ ഒരു പോലെ പോരാട്ടത്തിന് ഇറങ്ങുന്നതോടെ വാർഡിലെ പോരാട്ടം ശക്തമാകും