play-sharp-fill
സംസ്ഥാനത്തെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പൊലീസ് സ്റ്റേഷനുകളിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണം; ഡിജിപി

സംസ്ഥാനത്തെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പൊലീസ് സ്റ്റേഷനുകളിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണം; ഡിജിപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിലെ 50 ശതമാനം ഉദ്യോഗസ്ഥരും പങ്കാളികളാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓരോ പൊലീസ് സ്റ്റേഷനുകളിലേയും 50 ശതമാനം ഉദ്യോഗസ്ഥരെങ്കിലും പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് ഡി.ജി.പി വ്യക്തമാക്കി. പുനരധിവാസം, ശുചീകരണം, മെഡിക്കൽ ക്യാംപകളുടെ നടത്തിപ്പ് എന്നിവയിലും പങ്കാളികളാകണമെന്ന് ബെഹ്റ കൂട്ടിച്ചേർത്തു.

പുതിയതായി നിയമനത്തിൽ വന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ബറ്റാലിയനിൽ നിന്നുള്ള ക്രമസമാധാന ചുമതല ഇല്ലാത്തവരെയും പ്രവർത്തനങ്ങൾക്കായി നിയോഗിക്കാം. പ്രത്യേക വാർഡോ പ്രദേശമോ കേന്ദ്രീകരിച്ചായിരിക്കണം ഇവരുടെ പ്രവർത്തനം. പ്രത്യേക യൂണിറ്റുകളിൽ ഉള്ളവരും ഈ പ്രവർത്തനത്തിൽ പങ്കാളികളാവണം. റവന്യൂ വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങൾ, ദുരന്തനിവാരണ അതോറിറ്റി തുടങ്ങി മറ്റു വകുപ്പുകളും ഏജൻസികളുമായി സഹകരിച്ചായിരിക്കണം ഈ പ്രവർത്തനം. പൊതുവായി സമാഹരിക്കുന്ന ശുചീകരണ ഉപകരണങ്ങളും ആവശ്യമായ സാധനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തണം. ഡിജിപി പറഞ്ഞു. സംസ്ഥാനത്ത് ദുരിത ബാധിതർ താമസിക്കുന്ന ക്യാംപുകളിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും പുറപ്പെടുവിച്ചു. എല്ലാ ക്യാംപുകളിലും ആവശ്യത്തിനു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. ദുരിതബാധിതരായ ആളുകളെയാവണം ക്യാംപുകളിൽ താമസിപ്പിക്കേണ്ടത്. ക്യാംപിൽ അംഗങ്ങളല്ലാത്തവരെ അനുവാദമില്ലാതെ ഉള്ളിൽ പ്രവേശിപ്പിക്കുകയില്ല. ക്യാംപുകളിലും പരിസരപ്രദേശങ്ങളും ലോക്കൽ പൊലീസ് ഗ്രൂപ്പ് പെട്രോളിങ് നടത്തണമെന്നും ഡിജിപി പറഞ്ഞു. പുറത്തുനിന്ന് ക്യാംപിലേക്കുള്ള വിവിധ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും ബന്ധപ്പെട്ട ചാർജ് ഓഫിസർ വഴി നൽകണം. ക്യാംപിനുള്ളിലെ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളും ചുമതലയുള്ള ഓഫിസർമാരുടെ നേതൃത്വത്തിലാവണം. അന്തേവാസികളുടെ സ്വകാര്യത ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ക്യാംപിനുള്ളിലും പുറത്തും ക്രിമിനൽ പ്രവർത്തനങ്ങൾക്കുള്ള സാഹചര്യം ഒഴിവാക്കണം. പൊലീസ് ക്യാംപുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group