പൊന്നാണ് കാക്കി… ജീവിതത്തിലേക്ക് കരകയറ്റിയത് രണ്ടരലക്ഷത്തോളം ജനങ്ങളെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയം തകർത്താടിയ കേരളത്തെ രക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച സംസ്ഥാന സർക്കാരിന് കരുത്തേകി ‘കാക്കിപ്പട’.രക്ഷാ ദൗത്യം മുന്നിൽനിന്ന് നയിച്ചത് പൊലീസും ഫയർ ഫോഴ്‌സും എക്‌സൈസും. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് രണ്ടര ലക്ഷത്തോളം പേരെയാണ് രക്ഷപ്പെടുത്തിയത്. എക്‌സൈസ് വിഭാഗവും പൊലീസിനെയും ഫയർഫോഴ്‌സിനെയും സഹായിക്കാൻ സദാ രംഗത്തുണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷനുകളും സ്വന്തം വീടുകളും ഉൾപ്പെടെ വെള്ളത്തിലായിട്ടും ഏറ്റെടുത്ത ദൗത്യത്തിൽനിന്ന് ആരും പിന്തിരിഞ്ഞില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് അവർ ഇപ്പോഴും പ്രവർത്തിക്കുകയാണ്.
എല്ലാ വീടുകളും വൃത്തിയാക്കി ക്യാമ്പുകളിൽ കഴിയുന്നവരെ സ്വന്തം വീടുകളിൽ എത്തിച്ചതിനു ശേഷമേ ഇനിയവർക്ക് വിശ്രമമുള്ളൂ. കോസ്റ്റൽ പൊലീസ്, വനിതാ ബറ്റാലിയൻ, തണ്ടർബോൾട്ട് എന്നിവരും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂർ തുടങ്ങി തീരപ്രദേശങ്ങളിൽനിന്ന് 400ൽ പരം ബോട്ടുകൾ സംഘടിപ്പിച്ച് ട്രക്കുകളിൽ പ്രളയബാധിത പ്രദേശത്ത് എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യത്തൊഴിലാളികളുടെ സേവനംകൂടി ലഭിച്ചതോടെ പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് വേഗം കൂടി. വിവിധയിടങ്ങളിൽ സ്ഥാപിച്ച പ്രാദേശിക കൺട്രോൾ റൂമുകൾവഴി പത്തുലക്ഷത്തിൽപരം ഫോൺ കോളുകളും സന്ദേശങ്ങളുമാണ് പൊലീസിന് ലഭിച്ചത്. ദുരന്തമേഖലകളിൽ ഉപേക്ഷിക്കേണ്ടിവന്ന വീടുകൾക്കും സാധനസാമഗ്രികൾക്കും സുരക്ഷ ഒരുക്കുക എന്ന ദൗത്യവും പൊലീസ് ഏറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വെൽഫെയർ വിങ് മുഖേന 236 ലോഡ് അവശ്യസാധനങ്ങൾ ദുരന്തമേഖലകളിൽ എത്തിക്കാനും പൊലീസിന് കഴിഞ്ഞു.