ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ടവും വിതരണം ചെയ്ത് തേർഡ് ഐ ന്യൂസ് ലൈവ്; തുടർച്ചയായ മൂന്നാം ദിവസവും സഹായ വർഷം: ദുരിതാശ്വാസത്തിനായി കൈമെയ് മറന്ന് സഹായവുമായി നിരവധി സംഘടനകൾ
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവിനൊപ്പം കൈ കോർത്ത് നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും. തുടർച്ചയായ മൂന്നാം ദിവസവും ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസ് ലൈവ് സഹായം എത്തിച്ചു. ജില്ലാ പൊലീസിന്റെ സഹകരണത്തോടെയാണ് വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്ത്. ഇതിനിടെ നൂറുകണക്കിനു വ്യക്തികളും സംന്നദ്ധ സംഘടനകളുമാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ തയ്യാറായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച മുതൽ വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച ഭക്ഷ്യധാന്യങ്ങളും, അവശ്യവസ്തുക്കളും ശനിയാഴ്ച രാവിലെ മുതലാണ് തേർഡ് ഐ ന്യൂസ് ലൈവ് വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ വിതരണം ചെയ്തിരുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം, ഇദ്ദേഹത്തിന്റെ സ്‌ക്വാഡ് അംഗങ്ങൾ തന്നെയാണ് തേർഡ് ഐ ന്യൂസ് ലൈവിനൊപ്പം വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി സാധനങ്ങൾ വിതരണം ചെയ്തത്. ഇതിനായി എ ആർ ക്യാമ്പിൽ നിന്നുള്ള ഒരു വാഹനവും വിട്ടു നൽകിയിരുന്നു. സ്ത്രീകൾക്കുള്ള വസ്ത്രങ്ങളും, ഭക്ഷണ സാധനങ്ങളും, അവശ്യ വസ്തുക്കളും വനിതാ സിഐയും, വനിതാ സെല്ലിലെ ഉദ്യോഗസ്ഥരും നേരിട്ടെത്തി തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിൽ നിന്നും ശേഖരിച്ച് വിതരണം ചെയ്യുകയായിരുന്നു.
ശനിയാഴ്ച പാറമ്പുഴ പ്രദേശത്തെ ക്യാമ്പുകളിൽ സാധനങ്ങൾ വിതരണം ചെയ്‌തെങ്കിൽ, ഞായറാഴ്ച ഇത് പുതുപ്പള്ളി, ആർപ്പൂക്കര, മെഡിക്കൽകോളേജ് എന്നിവിടങ്ങളിലേ ക്യാമ്പുകളിലാണ് നൽകിയത്. തിങ്കളാഴ്ച രാവിലെ വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച വസ്തുക്കൾ പുല്ലരിക്കുന്ന് സ്‌കൂൾ, ചാന്നാനിക്കാട് എൽപി സ്‌കൂൾ, എസ്.ബികോളേജ് ചങ്ങനാശേരി, പരിപ്പ് സ്‌കൂൾ, ഒളശ സ്‌കൂൾ, വില്ലൂന്നി സ്‌കൂൾ, സി.എം.എസ് കോളേജിലെ സ്‌കൂൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. വനിതാ സെല്ലിലെയും പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരായ എസ്.ഐ ഉഷാകുമാരി, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ഷാഹിന, മഞ്ചു, ബിന്ദു,നിഷ എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ഏറ്റെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ് ഇന്നലെ കാൽലക്ഷത്തോളം രൂപ ദുരിതാശ്വാസ ക്യാമ്പുകളിൽ ചിലവഴിക്കുന്നതിനായി തേർഡ് ഐ ന്യൂസ് സംഘത്തിനു നൽകിയിരുന്നു. ഈ തുകയ്ക്കുള്ള സാധനങ്ങൾ ലയൺസ് ക്ലബ് അധികൃതർ നേരിട്ടെത്തി നഗരത്തിലെ കടകളിൽ നിന്നു വാങ്ങി തേർഡ് ഐ ന്യൂസ് സംഘത്തിനു കൈമാറുകയായിരുന്നു.
അവശ്യ സാധനങ്ങൾ തന്ന് സഹായിക്കാൻ താല്പര്യം ഉള്ളവർ ഞങ്ങളെ അറിയിക്കുക. കോട്ടയം സമീപ പ്രദേശത്ത് എവിടെയാണെങ്കിലും ഞങ്ങൾ വന്ന് ശേഖരിക്കുന്നതാണ്. phn: 9847200864, 9446501111