play-sharp-fill
എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ തകർന്ന് വീണത് കെ.എം ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങൾ ; കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചികൃഷിയെ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല ; വീട് വയ്ക്കാൻ പണം നൽകിയത് ഭാര്യവീട്ടുകാരെന്നും മൊഴി : ഭാര്യാപിതാവിലേക്കും അന്വേഷണം

എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ തകർന്ന് വീണത് കെ.എം ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങൾ ; കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചികൃഷിയെ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല ; വീട് വയ്ക്കാൻ പണം നൽകിയത് ഭാര്യവീട്ടുകാരെന്നും മൊഴി : ഭാര്യാപിതാവിലേക്കും അന്വേഷണം

സ്വന്തം ലേഖകൻ

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ കെ.എം ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങളെല്ലാം ഒറ്റയടിക്കാണ് തകർന്ന് വീണത്. അനധികൃത സ്വത്ത് സ്മ്പാദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ അതിനെ പ്രതിരോധിക്കാനായി ഷാജി പറഞ്ഞിരുന്നത് തനിക്ക് കർണാടകയിലും വയനാട്ടിലുമെല്ലാം ഇഞ്ചിക്കൃഷിയുണ്ടെന്നും അതിൽ നിന്ന് കോടികളുടെ വരുമാനം ലഭിക്കുന്നുണ്ട് എന്നായിരുന്നു.


കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചിക്കൃഷി നടത്തിയ സ്വന്തം ഭൂമിയുടെ രേഖയോ പാട്ടക്കരാറോ ഇഞ്ചി വിൽപന നടത്തിയതിന്റെ ബില്ലുകളോ ഹാജരാക്കാൻ ഷാജിയ്ക്ക് സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് കർണാടകയിൽ ഇഞ്ചിക്കൃഷിയുണ്ടെന്നും അവിടെ നിന്നുള്ള വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് വീട് നിർമ്മിച്ചത് എന്നും ഷാജി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസമായി തുടർന്ന ചോദ്യം ചെയ്യലിൽ ഇഞ്ചിക്കൃഷിയെ സാധൂകരിക്കുന്ന രേഖകളൊന്നും ഷാജിക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

മാത്രവുമല്ല വീടുണ്ടാക്കാൻ ഭാര്യ വീട്ടുകാർ സഹായിച്ചെന്നും മൊഴി നൽകിയിട്ടുണ്ട്. ഇതോടെ അന്വേഷണം കെഎം ഷാജിയുടെ ഭാര്യപിതാവിലേക്കും നീളുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പിഡബ്ല്യഡിയിൽ എക്‌സിക്യുട്ടീവ് എഞ്ചിനീയറായി വിരമിച്ച കെഎം ഷാജിയുടെ ഭാര്യപിതാവിന്റെ സർവ്വീസ് കാലയളവിലെ ട്രാക്ക് റെക്കോർഡടക്കം ഇഡി പരിശോധിക്കും.

മാത്രമല്ല താൻ ജന്മനാ സമ്പന്നനാണ് എന്നുമെല്ലാം ആരോപണങ്ങളെ പ്രതിരോധിക്കാനായി കെഎം ഷാജി പറഞ്ഞിരുന്നെങ്കിലും ആ പ്രതിരോധ ശ്രമങ്ങളെല്ലാം ഇഡിക്ക് മുൻപിൽ പൊളിഞ്ഞു വീണു.

കണ്ണൂരിൽ നടത്തിയ പൊതുയോഗത്തിലാണ് ഷാജി താൻ ജന്മനാ സമ്പന്നനാണെന്നും ആരിൽ നിന്നും കോഴവാങ്ങിയും കൈക്കൂലി വാങ്ങിയും വീടുണ്ടാക്കേണ്ട ഗതികേട് തനിക്കില്ലെന്നും പറഞ്ഞത്. എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ കോഴിക്കോട്ടെ തന്റെ വീടുണ്ടാക്കാൻ 10 ലക്ഷം രൂപ ലോൺ എടുത്തെന്നും രണ്ട് വാഹനങ്ങൾ വിൽപന നടത്തിയിട്ടുണ്ടെന്നും ഷാജി ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ഇതിൽ വാഹനങ്ങൾ വിൽപന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാനും ഷാജിക്ക് കഴിഞ്ഞിട്ടില്ല.

ഇതിന് പുറമെ ഷാജി നടത്തിയിട്ടുള്ള വിദേശ യാത്രകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.5 വർഷത്തിനുള്ളിൽ 150 തവണയെങ്കിലും കെഎം ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നാണ് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൽ അസീസ് ഇഡിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഈ യാത്രകളെല്ലാം ഷാജിയുടെ ഹവാലാ ഇടപാടുകളുമായി ബന്ധിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം തനിക്ക് സ്വന്തമായി വരുമാനമില്ലെന്നും തന്റെ പേരിലുള്ള ആസ്തികൾ വാങ്ങിക്കൂട്ടിയത് ഭർത്താവാണെന്നും ഭർത്താവിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നന്നും ഷാജിയുടെ ഭാര്യ നേരത്തെ ഇ്ഡിയ്ക്ക് മൊഴി നൽകിയിരുന്നു. ഇതും ഷാജിയ്ക്ക് കുരുക്ക് മുറുകുന്നതിന് കാരണമാകും.