play-sharp-fill
കോട്ടയത്ത് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; എംസി റോഡും തെളിഞ്ഞു; മഴമാറി മാനം തെളിഞ്ഞതോടെ ആശ്വാസത്തിൽ ജനം

കോട്ടയത്ത് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; എംസി റോഡും തെളിഞ്ഞു; മഴമാറി മാനം തെളിഞ്ഞതോടെ ആശ്വാസത്തിൽ ജനം

സ്വന്തം ലേഖകൻ
കോട്ടയം: മഴമാറി മാനം തെളിഞ്ഞു തുടങ്ങിയതോടെ
ആശ്വാസത്തിൽ ജനം. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേട്രാക്ക് വരെ മുക്കിയ പ്രളയം ജലം പതിയെ പിൻവലിഞ്ഞു തുടങ്ങിയതോടെയാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.

ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് പുറപ്പെട്ട വേണാട് എക്‌സ്പ്രസ് എറണാകുളം വരെയാണ് ഓടിയത്.
ദുരിതക്കാലം കണക്കിലെടുത്ത് മിക്ക സ്റ്റേഷനുകളിലും ട്രെയിനുകൾക്ക് പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. യാത്രാതിരക്ക് വർധിച്ചതോടെ എറണാകുളം-കായംകുളം പാസഞ്ചർ കൊല്ലംവരെയും ഓടി. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം തിരുവനന്തപുരം സ്‌പെഷൽ, തിരുവനന്തപുരം എറണാകുളം സ്‌പെഷൽ, എറണാകുളം-കായംകുളം-കൊല്ലം എന്നീ ട്രെയിനുകളാണ് ഓടിയത്.
കഴിഞ്ഞ ദിവസം വരെ പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്ന എം.സി റോഡിൽ ഞായറാഴ്ച രാവിലെ വെള്ള്ം ഒഴിഞ്ഞിട്ടുണ്ട്. നാഗമ്പടം മുതൽ വട്ടമൂട്ട് പാലം വരെയുള്ള ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വെള്ളമുണ്ടായിരുന്നത്. ഇതുവഴി വാഹന ഗതാഗതവും നിരോധിച്ചിരുന്നു. എന്നാൽ, ഇന്നലെ റോഡിലെ വെള്ളം ഇറങ്ങിയതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എംസി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ഇപ്പോഴും വെള്ളമുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല. ജില്ലയിൽ തലയോലപ്പറമ്പിലും, ചങ്ങനാശേരിയിലും റോഡിൽ കയറിയ വെള്ളം ഇപ്പോഴും പൂർണമായും ഇറങ്ങിയിട്ടില്ല. പാലായിലും റോഡിലെ വെള്ളം ഇറങ്ങി. ഇതോടെ ഗതാഗത തടസം പരിഹരിക്കപ്പെട്ടിട്ടുണ്ട്. കുമരകത്തും റോഡിൽ വെള്ളമുണ്ട്. ഇത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
എന്നാൽ, തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല. ചെങ്ങന്നൂർ നഗരത്തിലെ ജലനിരപ്പ് താഴാത്തതാണ് ഇപ്പോഴും ഗതാഗതം പുനസ്ഥാപിക്കാത്തതിനു കാരണം. കല്ലറ വഴി ചേർത്തലയിൽ എത്തി ഹൈവേ വഴി ആലപ്പുഴ എത്തി തിരുവനന്തപുരം ഭാഗത്തേയ്ക്ക് കെ.എസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.