ആ പ്രസ്താവന ഒരു സമൂഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ ; മുല്ലപ്പള്ളിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.ജി.പിയ്ക്ക് പരാതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കഴിഞ്ഞ ദിവസം കടുത്ത് സ്ത്രീ വിരുദ്ധ പ്രസതാവന നടത്തിയ
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.
ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂറാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ഐപിസി 305, 306, 108 വകുപ്പുകൾ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമത്തിൽ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സമൂഹത്തെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയും കെപിസിസി പ്രസിഡന്റുമായ ഉന്നതനായ വ്യക്തി ഇങ്ങനെ പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്നും ഡി.ജി.പിയ്ക്ക് നൽകിയ പരാതിയിലുണ്ട്.
ഐപിസി 305 പ്രകാരം 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചാൽ വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്. മുതിർന്ന സ്ത്രീകളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചാൽ പത്തു വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്.
ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ പിന്നീടത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നതായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.
അതേസമയം സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മുല്ലപ്പള്ളി നടത്തിയ നീചമായ സ്ത്രീ വിരുദ്ധ പ്രസ്താവന അടിയന്തരമായി പിൻവലിച്ച് മാപ്പു പറയണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്ത്
വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
സ്ത്രീ സമൂഹത്തിനെതിരെ കേരളപ്പിറവി ദിനത്തിൽ പോലും അതിനീചമായ പരാമർശം രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ ആയാൽ പോലും അനുവദിക്കാനാവില്ല. ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും വനിതാ കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു.