play-sharp-fill
വ്യാജ സന്ദേശങ്ങളയക്കുന്നവർക്കെതിരെ കർശന നടപടി; ഡി.ജി.പി

വ്യാജ സന്ദേശങ്ങളയക്കുന്നവർക്കെതിരെ കർശന നടപടി; ഡി.ജി.പി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദുരന്തങ്ങൾക്കിടയിലും വ്യാജപ്രചരണങ്ങൾക്ക് കുറവില്ല. അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.ജി.പി. മുല്ലപ്പെരിയാർ ഡാം ഏതുസമയത്തും പൊട്ടുമെന്നുമുള്ള വ്യാജസന്ദേശങ്ങൾ, ശബ്ദസന്ദേശങ്ങളടക്കം നേരത്തേ പ്രചരിച്ചിരുന്നു. ശബ്ദ സന്ദേശം തേർഡ് ഐ ന്യൂസിന് ലഭിച്ചതിനെ തുടർന്ന് ഉടൻതന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിൽ പ്രചരിക്കുന്ന ഓഡിയോ റെക്കോർഡിനെപ്പറ്റി വിവരം കൈമാറി. തുടർന്നു ഈ ഓഡിയോ റെക്കോർഡ് അദ്ദേഹത്തിനു വാട്സ്അപ്പ് വഴി കൈമാറുകയും ചെയ്തു. തുടർന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അത്തരം വ്യാജസന്ദേശങ്ങളുടെ ഉറവിടം സൈബർ സെൽ അന്വേഷിച്ചു വരികയാണെന്ന് സൈബർ ഡോം മേധാവി ഐ.ജി മനോജ് എബ്രഹാം തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. പരിഭ്രാന്തരായിരിക്കുന്ന ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നതാണ് ഇത്തരം സന്ദേശങ്ങൾ. ഈ സാഹചര്യം കണക്കിലെടുത്താണ് പൊലീസിന്റെ താക്കീത്. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.