നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കു വേദിയായി കോട്ടയം: യു.ഡി.എഫ് കൺവീനർ ചങ്ങനാശേരി എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി; എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയിൽ ആദ്യമായി കേരള കോൺഗ്രസ് ജോസ് വിഭാഗം ഇന്നെത്തും
സ്വന്തം ലേഖകൻ
കോട്ടയം: തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കെ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കു കോട്ടയം ജില്ല വേദിയാകുന്നു. സ്വർണ്ണക്കടത്ത് കേസിൽ അടക്കം രാഷ്ട്രീയ നീക്കങ്ങൾ യു.ഡി.എഫും പ്രതിപക്ഷവും സജീവമാക്കുമ്പോഴാണ് രാഷ്ട്രീയ പാർട്ടികളും, മുന്നണികളും അണിയറ നീക്കങ്ങൾ ജില്ലയിൽ സജീവമാക്കുന്നത്. ഇടതു മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം വെള്ളിയാഴ്ച ഔദ്യോഗികമായുള്ള ആദ്യത്തെ ഇടതു മുന്നണി യോഗത്തിൽ പങ്കെടുക്കും.
കോട്ടയം ജില്ലയിലെ ഇടതു മുന്നണി യോഗത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കു ജോസ് കെ.മാണി വിഭാഗത്തിൽ നിന്നുള്ളവർ പങ്കെടുക്കുന്നത്. ആദ്യമായാണ് ഔദ്യോഗികമായി ഇടതു മുന്നണിയുടെ ഭാഗമായ ശേഷം ജോസ് കെ.മാണി വിഭാഗം ഒരു യോഗത്തിൽ പങ്കെടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിൽ ധാരണ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ജോസ് കെ.മാണി വിഭാഗവും, ഇടതു മുന്നണി നേതാക്കളും ചർച്ച നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത്. രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്ന് എം.എം ഹസൻ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയം തന്നെയാണ് ചർച്ചയായതെന്നു ഉറപ്പാണ്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജന.സെക്രട്ടറി ജി.സുകുമാരൻ നായരെ സന്ദർശിക്കുകയായിരുന്നു. സൗഹൃദ സന്ദർശനത്തിനാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത് എന്ന് ഹസൻ പറഞ്ഞു. എൻഎസ്എസുമായി യുഡിഎഫിന് ഊഷ്മള ബന്ധമാണ് ഉള്ളത്.യുഡിഎഫ് കൺവീനർ പദവി ഏറ്റെടുത്ത ശേഷം സന്ദർശനം നടത്തിയതാണന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ, യു.ഡി.എഫിനെതിരെ പത്രത്തിൽ ലേഖനം എഴുതിയ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ കാണാൻ ഹസൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല. തുടർന്നു ഹസൻ മടങ്ങിപ്പോരുകയായിരുന്നു.
ഇതിനിടെ, പി.സി തോമസിനെയും, പി.സി ജോർജിനെയും മുന്നണിയിൽ എടുക്കില്ലന്നും ഹസൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മുന്നണി വിപുലമാക്കാൻ ആലോചിക്കുന്നില്ലെന്ന നിലപാടാണ് ഹസൻ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പി.സി ജോർജിന്റെയും ഇപ്പോൾ ബി.ജെ.പി മുന്നണിയുടെ ഭാഗമായി നിൽക്കുന്ന പി.സി തോമസിന്റെയും ഒപ്പം കൂട്ടില്ലെന്നു ഹസൻ വ്യക്തമാക്കിയതോടെ ഈ രണ്ടു പേരുടെയും മുന്നണി പ്രവേശനം ഉടൻ ഉണ്ടാകില്ലെന്നും വ്യക്തമായിട്ടുണ്ട്.