video
play-sharp-fill
അമ്മവീട്ടിലെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

അമ്മവീട്ടിലെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
കടുത്തുരുത്തി: അമ്മവീടിനു പിന്നിലെ വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. അപ്പൂപ്പനു പിന്നാലെ വീട്ടിൽ നിന്നു പുറത്തേയ്ക്ക് ഓടിയ കുട്ടിയാണ് വീടിനു പിന്നിലെ വെള്ളക്കെട്ടിൽ വീണു മരിച്ചത്. കടുത്തുരുത്തി കോതനല്ലൂർ കുഴിപ്പറമ്പിൽ സജിയുടെയും അനിലയുടെയും മകൻ ഡാനിയേൽ സജിയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുരയോടെ ഇവരുടെ കോതനല്ലൂരിലെ വീടിനു മുന്നിലാണ് കുട്ടി വെള്ളത്തിൽ വീണത്. അമ്മ അനില വിദേശത്ത് നഴ്‌സായി ജോലി നോക്കുന്നതിനാൽ അപ്പൂപ്പൻ ഹരിദാസിനും, അമ്മൂമ്മ രാഗിണിയ്ക്കുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. പിതാവ് സജി ജോലിയ്ക്കു പോയിരുന്നതിനാൽ കുട്ടിയും മുത്തച്ഛനും മുത്തച്ഛിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തച്ഛൻ പുറത്തേയ്ക്കിറങ്ങിയപ്പോൾ കുട്ടിയും കൂട്ടിനായി പുറത്തിറങ്ങി. അൽപ സമയത്തിനു ശേഷം കുട്ടിയെ നോക്കിയപ്പോൾ കാണാനുണ്ടായിരുന്നില്ല. ഇതോടെ രാഗിണിയും ഹരിദാസും ബഹളം വച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഒരു മണിക്കൂറിനു ശേഷം വീടിനു പിന്നിലെ കൈത്തോട്ടിൽ കുട്ടിയുടെ മൃതദേഹം തടഞ്ഞു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. കടുത്തുരുത്തി സി.ഐ കെ.എസ് ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.