12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി
സ്വന്തം ലേഖകൻ
കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരു തരത്തിലുള്ള പുറത്താക്കല്‍ നടപടികളും സ്മാര്‍ട്ട്‌സിറ്റി ആരംഭിച്ചിട്ടില്ല. തുടര്‍ച്ചയായ കരാര്‍ ലംഘനങ്ങള്‍ക്ക് 3 കമ്പനികള്‍ക്ക് കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ലീസ് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് 6 കമ്പനികള്‍ക്ക് വാടക കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയുമാണ് ചെയ്തതെന്നും സ്മാര്‍ട്ട്‌സിറ്റി കൊച്ചി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ സിഇഒ കഴിഞ്ഞ ദിവസം ന്യൂസ് ചാനലുകളിലൂടെ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് ആരോപിച്ചു. എന്നാല്‍ ആ കമ്പനിക്ക് യാതൊരു വിധ നോട്ടീസും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. പുറത്താക്കിയിട്ടില്ലാത്ത ഒരു കമ്പനിയുടെ പ്രതിനിധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് പറഞ്ഞത് പൊതുജന മധ്യത്തില്‍ സ്മാര്‍ട്ട്‌സിറ്റിയെ കരിവാരിത്തേക്കാന്‍ ലക്ഷ്യമിട്ടാണ്. ഇതില്‍ ഒരു കമ്പനിയുടെ പ്രതിനിധി സ്മാര്‍ട്ട്‌സിറ്റി ഉദ്യോഗസ്ഥരെ വാക്കിലൂടെയും എഴുത്തിലൂടെയും അധിക്ഷേപിക്കാനും തയ്യാറായി. ഇക്കാര്യം സ്മാര്‍ട്ട്‌സിറ്റി നിയമപരമായി എടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്മാര്‍ട്ട്‌സിറ്റി കൊച്ചി സര്‍ക്കാര്‍ ഐടി പാര്‍ക്കല്ലെന്ന് 2020 ഒക്ടോബര്‍ 6-ന് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള 2020 ഏപ്രില്‍ 27-ലെ സര്‍ക്കാര്‍ ഉത്തരവ് സ്മാര്‍ട്ട്‌സിറ്റിക്ക് ബാധകമല്ലെന്ന് ഒക്ടോ. 6-ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
37 കമ്പനികളാണ് നിലവില്‍ സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 28 കമ്പനികളും സ്മാര്‍ട്ട്‌സിറ്റിയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ യാതൊരു തടസ്സവുമില്ലാതെ പൂര്‍ണമായും പാലിച്ചു പോരുന്നവരാണ്. ഇവരില്‍ ചിലര്‍ വാടക നല്‍കാന്‍ 2020 ഏപ്രിലില്‍ അനുവദിച്ച സാവകാശം സ്വീകരിച്ചവരുമാണ്. പുറത്താക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ള 3 കമ്പനികള്‍ മൂന്ന് മാസത്തെ വാടക മാത്രമല്ല മറിച്ച് അതിന് ശേഷമുള്ള മാസങ്ങളിലെ വാടകയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും കുടിശ്ശിക തീര്‍ക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും സ്മാര്‍ട്ട്‌സിറ്റി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ആ കമ്പനികളെ ബലമായി പുറത്താക്കില്ല. വാടക കുടിശ്ശിക തീര്‍ക്കുന്ന പക്ഷം അവരെ ഇവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതായിരിക്കും.
ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മൂന്ന് മാസത്തെ വാടകയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 7 കമ്പനികളുടെ വാടക കുടിശ്ശികയുടെ കാര്യം തീര്‍പ്പാക്കാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്. ഇത് പ്രകാരം കമ്പനികള്‍ സ്മാര്‍ട്ട്‌സിറ്റിയുമായി പ്രശ്‌നം തീര്‍പ്പാക്കാന്‍ മുന്നോട്ടു വരികയും കുടിശ്ശിക അടച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരം വാടകകുടിശ്ശിക സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നും വകയിരുത്തുകയോ അല്ലെങ്കില്‍ അവരില്‍ നിന്നും ഈടാക്കുകയോ ചെയ്യുന്നതാണ്. നിലവില്‍ 4 കമ്പനികളുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം നിലനില്‍ക്കുന്നത്. ഇവര്‍ക്ക് കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവുകളെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഒക്ടോ. 6-ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വാടക കുടിശ്ശിക തീര്‍ത്ത് വാടക കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ അവര്‍ തയ്യാറാകേണ്ടതാണെന്നും സ്മാര്‍ട്ട്‌സിറ്റി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സ്മാര്‍ട്ട്‌സിറ്റി കൊച്ചി സര്‍ക്കാര്‍ സ്ഥാപനമോ പൊതുമേഖലാ സ്ഥാപനമോ അല്ല. ഇന്ത്യയിലെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ്. കമ്പനിക്ക് സര്‍ക്കാര്‍ ഫണ്ടോ സബ്‌സിഡിയോ ലഭിക്കുന്നില്ല. വായ്പകള്‍ എഴുതിത്തള്ളുകയോ മറ്റെന്തെങ്കിലും ഇളവുകള്‍ നല്‍കുകയോ ചെയ്തിട്ടില്ല. ഭൂമി, അടിസ്ഥാനസൗകര്യങ്ങള്‍, കെട്ടിടം തുടങ്ങിയവയിലേക്കായി സ്മാര്‍ട്ട്‌സിറ്റി വന്‍ തുക നിക്ഷപിച്ചിട്ടുണ്ട്. അത് തുടര്‍ന്ന് കൊണ്ടുപോകാന്‍ കമ്പനി പ്രതിബദ്ധമാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനി എന്ന നിലയില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോടും നിക്ഷേപകരോടുമുള്ള ബാധ്യതകള്‍ നിറവേറ്റേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വാടകയിളവ് നല്‍കാന്‍ നിര്‍വാഹമില്ലെന്നും സ്മാര്‍ട്ട്‌സിറ്റി കൊച്ചി വ്യക്തമാക്കി.