പനച്ചിക്കാട് മുൻ പഞ്ചായത്തംഗത്തിന്റെ അമ്മയും ഭർത്താവും ഒരേ ദിവസം മരിച്ചു; രണ്ടു പേരുടെയും മരണം മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: പനച്ചിക്കാട് മുൻ പഞ്ചായത്തംഗത്തിന്റെ അമ്മയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. അമ്മയുടെ ശവസംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ഭർത്താവിന്റെ മരണം സംഭവിച്ചത്.
പനച്ചിക്കാട് പഞ്ചായത്ത് മുൻ മെമ്പർ ജിസ് ചെറിയാന്റെ അമ്മയും ഭർത്താവുമാണ് ഒരേ ദിവസം തന്നെ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. ജിസിന്റെ അമ്മ പാത്താമുട്ടം ചൂട്ടുവേലിൽ ആലീസ് കുറിയാക്കോസ് (76) ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് മരിച്ചത്. അമ്മയുടെ സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം രാത്രി ഒൻപത് മണിയോടെയാണ് ഭർത്താവ് കൊല്ലാട് പാറയിൽ കൊച്ചുമോൻ (51) മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലർച്ചെ മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങുകൾ ഉച്ചയ്ക്കു രണ്ടു മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം സ്ലീബാ പള്ളി സെമിത്തേരിയിലാണ് നടന്നത്. ഇതിനു ശേഷം രാത്രി ഒൻപത് മണിയോടു കൂടിയാണ് ഭർത്താവ് കോട്ടയം മെഡിക്കൽ കോളേജിൽ മരിക്കുന്നത്.
ഭർത്താവ് കൊച്ചുമോൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കുകയായിരുന്നു. കൊച്ചുമോനും കുടുംബവും ഭാര്യ വീടായ പാത്താ മുട്ടത്തെ ചൂട്ടുവേലിൽ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്കു രണ്ടു പെൺമക്കളുണ്ട്. കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. തുടർന്നു, സംസ്‌കാരം ചൊവ്വാഴ്ച കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും.