video
play-sharp-fill

മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിൽ; കേരളത്തിന്റെ ആവശ്യം തള്ളി

മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിൽ; കേരളത്തിന്റെ ആവശ്യം തള്ളി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സർവ്വകാല റിക്കാർഡിട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും സ്പിൽവേയിലൂടെ കൂടുതൽ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് അതിവേഗം 142 അടിയിലെത്താൻ കാരണമായത്ത്. ഡാമിന്റെ 13 സ്പിൽവേ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ഫലമുണ്ടായില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തമിഴ്‌നാടിനോട് ഈ ആവശ്യം ഉന്നയിച്ചത്. ജലനിരപ്പ് വർദ്ധിച്ചിട്ടും കൂടുതൽ വെള്ളം കൊണ്ടുപോയി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാൻ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് 142 അടി വരെ ജലനിരപ്പ് ഉയർത്താം. ഇതാണ് കൂടുതൽ വെള്ളം കൊണ്ടുപോകാതിരിക്കാൻ തമിഴ്‌നാട് കാരണമാക്കിയത്. 142 അടിയ്ക്ക് മുകളിൽ ഡാമിലെ ജലനിരപ്പ് എത്തിയാൽ കൂടുതൽ വെള്ളം കൊണ്ടുപോകുമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. സെക്കൻഡിൽ 13,93,000 ലിറ്റർ വെള്ളമാണ് ഇപ്പോൾ മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് പുലർച്ചെ 2.50 ഓടെയായിരുന്നു തുറന്നത്. കൂടുതൽ രക്ഷാപ്രവർത്തകരും സൈന്യവും ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കേന്ദ്രീകരിച്ചിട്ടുണ്ട്.