play-sharp-fill
തിരുനക്കരയിലെ പോലീസ് സ്റ്റേഷൻ തിരികെ വരണമെന്നത് ഞങ്ങളുടെ ചിരകാല സ്വപനം; തേർഡ് ഐ ന്യൂസിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ; കോട്ടയം നഗര വികസന സമിതി

തിരുനക്കരയിലെ പോലീസ് സ്റ്റേഷൻ തിരികെ വരണമെന്നത് ഞങ്ങളുടെ ചിരകാല സ്വപനം; തേർഡ് ഐ ന്യൂസിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ; കോട്ടയം നഗര വികസന സമിതി

തേർഡ് ഐ ബ്യൂറോ

കോട്ടയം : തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ നടത്തുന്ന പോരാട്ടങ്ങളിലൂടെ തിരുനക്കരയിൽ പഴയ പോലീസ് സ്റ്റേഷൻ പുന:സ്ഥാപിക്കപ്പെടുമെങ്കിൽ അതിൽ ഏറ്റവുമധികം സന്തോഷിക്കുന്ന സംഘടനയായിരിക്കും, അതിനായി മാത്രം രൂപം കൊണ്ട നഗര വികസന സമിതി.

കോട്ടയത്ത് തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ പൊളിച്ചു നീക്കുന്നതിനെതിരെ രൂപം കൊണ്ട പ്രസ്ഥാനമായിരുന്നു നഗര വികസന സമിതി എന്നത്. സ്റ്റേഷൻ പൊളിക്കുന്നതിനു മുൻപ് അതിനെതിരെ നാലു വ്യവഹാരങ്ങൾ സംഘടന നടത്തി, അതിൽ ഒന്നിൽ ബഹുമാനപ്പെട്ട ഹൈക്കോടതി, പോലീസ് സ്റ്റേഷൻ ഭാഗത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനൊപ്പം സ്റ്റേഷൻ അവിടെ തിരികെ എത്തിക്കണമെന്ന ഉത്തരവും നൽകിയിട്ടുള്ളതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ അവിടെ തന്നെ നിലനിർത്തുന്നതിനായി വ്യവഹാരങ്ങളിൽ നായകത്വം വഹിച്ചിരുന്ന മൂന്നു പേർ ഇന്ന് ജീവനോടെയില്ല. അവരിൽ പ്രധാനിയായ അന്നത്തെ നഗര വികസന സമിതി ചെയർമാനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന അഡ്വ രാമചന്ദ്രൻ കുന്നപ്പള്ളിയും, അന്നത്തെ ജനറൽ സെക്രട്ടറി ശ്രീ കെ വി സുരേന്ദ്രനും സഹിച്ച ത്യാഗങ്ങൾ മറക്കാവുന്നതല്ല. അവർക്കൊപ്പം ഈയുള്ളവനും സദാ കർമ്മനിരതരായിരുന്നു ഈ വിഷയത്തിൽ.

എന്നാൽ വ്യവഹാരത്തിൽ താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കാനിടയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട്, കോടതിയിൽ ഈയുള്ളവൻ ഇടക്കാല ഹർജ്ജിയിൽ വാദം നടത്തിക്കൊണ്ടിരുന്ന സമയത്ത് സ്റ്റേഷനിലെ സാധനങ്ങൾ ധൃതിയിൽ നീക്കം ചെയ്ത് കെട്ടിടം പൊളിച്ചു കളയുകയായിരുന്നു. കെട്ടിടത്തിലെ സാധനങ്ങളുമായി പോകുന്ന ലോറിക്കു മുന്നിലെ ചെളിവെള്ളത്തിൽ വീണുരുണ്ട് തടഞ്ഞ ശ്രീ കെ വി സുരേന്ദ്രൻ, ശ്രീ ചെറിയാൻ, ശ്രീ.സലിം മുഹമ്മദ് ഹനീഫ എന്നിവരുൾപ്പെടെയുള്ള ചെറിയ ഒരു പൗരസമൂഹത്തെ അന്ന് പോലീസ് വളരെ സ്‌നേഹപൂർവ്വം നീക്കം ചെയ്യുകയായിരുന്നു, കാരണം പോലീസും മനസ്സ് കൊണ്ട് സമരത്തിനനുകൂലമായിരുന്നു എന്നതാണ്.

അന്ന് താൽക്കാലിക വിജയം നേടിയ നഗരസഭ, ഉടൻ കെട്ടിടം നിർമ്മിക്കുമെന്ന് ബഹു.ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ഇന്നേവരെ അവിടെ കെട്ടിടം നിർമ്മിക്കാതിരുന്നത് താഴത്തെ നില നിർമ്മിച്ചാലുടൻ പോലീസിനുള്ള ഔട്‌പോസ്റ്റും, കെട്ടിട നിർമ്മാണം പൂർത്തിയാവുന്നതോടെ പോലീസ് സ്റ്റേഷനും തിരികെ കൊണ്ടു വരണമെന്ന ബഹു:ഹൈക്കോടതിയുടെ നിർദ്ദേശം മൂലം മാത്രമാണ്. നിർഭാഗ്യവശാൽ നമ്മുടെ നഗരസഭാംഗങ്ങളെല്ലാം തന്നെ നഗര സഭയുടെ ഈ കെടുകാര്യസ്ഥതയ്ക്ക് ഇന്നേ വരെകൂട്ടു നിൽക്കുന്നു എന്നാണ് തോന്നുന്നത്.

ഇത് സംബന്ധിച്ച നഗരവികസന സമിതി മുട്ടാത്ത വാതിലുകളില്ല. ഒരിക്കൽ ശ്രീ.വി എൻ വാസവൻ ആദ്യമായി എം എൽ എ ആയ സമയത്ത് നടന്ന ചാനൽ ചർച്ചയിൽ ഈയുള്ളവൻ സ്റ്റേഷൻ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യമുന്നയിച്ചതിന് ‘തീർച്ചയായും വിജയിച്ചാൽ കൊണ്ടു വരും’ എന്നായിരുന്നു കൈയ്യടികൾക്കിടെ ശ്രീ വി എൻ വാസവൻ ഉറപ്പ് നൽകിയത്. അതദ്ദേഹത്തിന്റെ വിജയത്തിൽ നിർണ്ണായകമായിരുന്നു എന്ന് ഇന്നും വിശ്വസിക്കുന്നു. എന്നാൽ ഒരു ടേം പൂർണ്ണമായും എം എൽ എ ആയിരുന്ന ശേഷവും ഇന്നേവരെ അദ്ദേഹവും ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയിട്ടില്ല എന്നത് വ്യക്തം. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവട്ടെ, കേരളത്തിലെ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. ഇതെല്ലാം തൊട്ടടുത്തുള്ള ഒരു ജുവലറിക്കാരെ സഹായിക്കുവാനായിരുന്നു എന്ന് പിന്നാമ്പുറ സംസാരം തീർച്ചയായും ശ്രദ്ധിക്കപ്പെട്ടു. വിവിധ സമരപരിപാടികളും ഒരു ലക്ഷം പേരുടെ ഒപ്പുശേഖരണവും അന്ന് നഗരവികസന സമിതി നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസ് ലൈവ് ഇടപെടൽ മൂലം ഈ പോലീസ് സ്റ്റേഷൻ തിരികെ വരുന്ന പക്ഷം അതിൽ ഏറ്റവുമധികം സന്തോഷിക്കുക അഡ്വ. രാമചന്ദ്രൻ കുന്നപ്പള്ളിയുടെയും ശ്രീ. കെ വി സുരേന്ദ്രൻ അവർകളുടെയും ആത്മാക്കളായിരിക്കും. സർവ്വശ്രീ ചെറിയാനും നിര്യാണപ്പെട്ട പ്രവർത്തകരുടെ കൂട്ടത്തിലുണ്ട്.

ആ അസുലഭ മുഹൂർത്തത്തിനായി ഇന്നു നഗര വികസന സമിതി എന്ന സംഘടന നിലനിർത്തിക്കൊണ്ടു പോകുന്നവർ ഇവിടെ കാത്തിരിക്കുന്നുണ്ട്. സജീവമായിരുന്ന ആ ഭാരവാഹികളുടെ അസാന്നിദ്ധ്യത്തിലും ശക്തമായ ഇടപെടലുകൾ നടത്തി വരുന്നുമുണ്ട്. ഇപ്പോഴിതാ തേർഡ് ഐ ന്യൂസിന്റെ ഈ കാര്യത്തിലേക്കുള്ള പരിശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി ഞങ്ങളും കാത്തിരിക്കുന്നു. നന്ദി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ.

അഡ്വ. അനിൽ ഐക്കര,
ചെയർമാൻ,
നഗര വികസന സമിതി, കോട്ടയം.