പ്രവാസി കേരളാ കോൺഗ്രസ് (എം) കുവൈറ്റ് സി. എഫ്. അനുസ്മരണം സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനും ദീർഘകാലം നിയമസഭാഗവും ആയിരുന്ന അന്തരിച്ച സി. എഫ്. തോമസ് സാറിന്റെ അനുസ്മരണാർത്ഥം കുവൈറ്റ് പ്രവാസി കേരളാ കോൺഗ്രസ് (എം) സംഘടിപ്പിച്ച രാഷ്ട്രീയ വിശകലന കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉത്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് മുറുകെപ്പിടിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയും നയപരിപാടികളുടെയും ഉത്തമ വക്താവിനെയാണ് സി. എഫ്. തോമസ് സാറിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു അദ്ദേഹം അനുസ്മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷക ക്ഷേമം ലക്ഷ്യമാക്കി ക്രിയാത്മക നടപടികൾ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്നു നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. എം. മാണിയുടെ വിയോഗത്തോടെ കേരളാ കോൺഗ്രസിനെ ദുർബലപ്പെടുത്തി ഇല്ലായ്മ ചെയ്യുവാൻ കോൺഗ്രസ് നേതാക്കളിൽ ചിലർ നടത്തിയ നെറികെട്ട ശ്രമങ്ങളുടെ ഭാഗമായാണ് കേരളാ കോൺഗ്രസ് (എം) നെ യു ഡി എഫ് ൽ നിന്നും പുറത്താക്കുന്നതിൽ കലാശിച്ചതെന്നു പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് മുഖ്യ പ്രഭാഷണത്തിൽ ആരോപിച്ചു.
മധ്യ തിരുവിതാംകൂറിൽ പ്രബല ശക്തിയായ കേരളാ കോൺഗ്രസിനെ തളക്കുവാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും, കെ. എം. മാണിയെയും കേരളാ കോൺഗ്രസിനെയും സ്നേഹിക്കുന്ന കർഷകലക്ഷങ്ങൾ എന്നെന്നും ഒറ്റക്കെട്ടായി മുന്നേറുമെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
പ്രവാസലോകത്തുനിന്നുൾപ്പെടെ അഭൂതപൂർവമായ പിന്തുണയാണ് ലഭിക്കുന്നതെന്നു ആശംസകൾ അർപ്പിച്ചുകൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി പ്രമോദ് നാരായണൻ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷം വഹിച്ച സൂം യോഗം ജോസ് കെ. മാണിയുടെ ഉറച്ച നിലപാടുകൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. ജന. സെക്രട്ടറി ജോബിൻസ് ജോൺ പാലേട്ട് സ്വാഗതവും ട്രഷറർ സുനിൽ തൊടുക കൃതഞതയും അർപ്പിച്ചു.
ആന്റണി കിങ്ങണംചിറ, ബിനു മുളക്കുഴ, ജിൻസ് ജോയ്, ടോമി കാണിച്ചുകാട്ട്, അഡ്വ ലാൽജി ജോർജ്, രാജീവ് വഞ്ചിപ്പാലം, ബിജു എണ്ണംപ്ര, ജോർജ് കാഞ്ഞമല, ഡെന്നി കാഞ്ഞൂപ്പറമ്പിൽ, ഷിന്റോ ജോർജ്, ജോർജ് വാക്കത്തിനാൽ, സെബാസ്റ്റ്യൻ പാത്രപ്ലാങ്കൽ, സാബു മാത്യു എന്നിവർ അനുശോചനം അറിയിക്കുകയും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പൂർണപിന്തുണ പ്രഖ്യാപിക്കുക്കയും ചെയ്തു.