പുതുവൈപ്പ് എൽഎൻജി പ്ലാൻറിന് സമീപം തലയോട്ടി കണ്ടെത്തി; കുരങ്ങന്റെയോ മനുഷ്യന്റെയോ എന്ന് ആശങ്ക
സ്വന്തം ലേഖകൻ
കൊച്ചി: പുതുവൈപ്പ് എൽഎൻജി പ്ലാന്റിന്റെ നിർമാണ സ്ഥലത്തിന് സമീപം കണ്ടെത്തിയ തലയോട്ടി മനുഷ്യന്റേതാണോ കുരങ്ങിന്റേതാണോ എന്ന സംശയമാണ് ആശങ്ക പരത്തിയത്. ടാങ്കുകൾ നിർമിക്കുന്നതിന് സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന മെറ്റലിന് സമീപമാണ് തലയോട്ടി കാണപ്പെട്ടത്. മുഖത്തിന്റെ ചെറിയൊരു ഭാഗവും നട്ടെല്ലിനോട് സാദൃശ്യമുള്ള ഒരു അസ്ഥിയും ഒപ്പമുണ്ടായിരുന്നു.
മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവുമാണെന്ന സംശയത്തെ തുടർന്നു തൊഴിലാളികളും നാട്ടുകാരും പൊലീസിൽ അറിയിച്ചു. മുളവ്കാട് എസ്ഐ ജയചന്ദ്രന്റെ നേതൃത്വത്തിൽ എത്തിയ പൊലീസിനും തലയോട്ടി മനുഷ്യന്റേതാണോ, ഏതെങ്കിലും മൃഗത്തിന്റേതാണോ എന്നു തിരിച്ചറിയാൻ സാധിച്ചില്ല. കുരങ്ങന്റേതാകാം എന്നു സംശയം ഉയർന്നെങ്കിലും വിദഗ്ധ പരിശോധന നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തലയോട്ടിയും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പരിശോധിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group