
തേർഡ് ഐ ബ്യൂറോ
കോട്ടയം: ആന ലോബിയ്ക്കു മുന്നിൽ തിരുനക്കര തേവരുടെ കൊമ്പൻ ശിവനെ അടിയറവയ്ക്കാതെ ആന പ്രേമികൾ. ആന പ്രേമികളുടെ കൃത്യമായ ഇടപെടലും, ദേവസ്വം ബോർഡിന്റെ പരിശോധനയ്ക്കുമൊടുവിൽ കൊമ്പൻ തിരുനക്കര ശിവന്റെ ക്ഷീണത്തിന്റെയും അസ്വസ്ഥതകളുടെയും കാരണം കണ്ടെത്തി. അറുപതിനടുത്ത് പ്രായമെത്തിയ കൊമ്പന്റെ പല്ലുകൾ തേഞ്ഞതാണ് ക്ഷീണാവസ്ഥയ്ക്കു കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. പല്ലു തേഞ്ഞതിനാൽ കൃത്യമായി ഭക്ഷണം ലഭിക്കാനാവാതെ വന്നതോടെ കൊമ്പൻ അവശനും, ക്ഷീണിതനുമാകുകയായിരുന്നു. വീഡിയോ ഇവിടെ കാണാം
എന്നാൽ, ആനയുടെ ശരീരത്തിലെ മുറിവ് എങ്ങിനെ ഉണ്ടായി എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. മുറിവ് കിടന്നപ്പോൾ ഉണ്ടായതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഈ മുറിവ് കരിഞ്ഞു തുടങ്ങിയതിനാൽ ഇതേപ്പറ്റി കാര്യമായ അന്വേഷണം ഉണ്ടായിട്ടുമില്ല. ആനയ്ക്കു കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ ആന പ്രേമികൾ നടത്തുന്നുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിലാണ് ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു പരിശോധിച്ചത്. ഇതോടെയാണ് ആനയുടെ പല്ലിന്റെ മോശം അവസ്ഥ കണ്ടെത്തിയതെന്നാണ് വിവരം. പ്രായത്താൽ അവശനായ കൊമ്പന്റെ പല്ലുകൾ തേഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആനയ്ക്കു പട്ട നൽകുന്നത് കൃത്യമായി കഴിക്കാൻ സാധിക്കുന്നില്ല. പട്ട ചവച്ച് കഴിക്കുന്നതിനായി ചെറു കഷണങ്ങളാക്കി മുറിച്ചു നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നിട്ടു പോലും അനയ്ക്കു ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് കൊമ്പന്റെ വിശപ്പടക്കാനും, പെരുവയർ നിറയ്ക്കാനുമായി പുല്ല് എത്തിക്കുന്നതിനു ദേവസ്വം ബോർഡ് ആലോചിക്കുന്നത്. കാട്ടിൽ നടക്കുന്ന ആനകളുടെ പ്രധാന ഭക്ഷണം പുല്ലാണ് എന്നു വിദഗ്ധർ പറയുന്നു. ഈ ആനകൾ നാട്ടിലെത്തുമ്പോൾ പനമ്പട്ടയും, തെങ്ങോലയും കഴിക്കുന്നത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു പുല്ലാണ് മികച്ച ഭക്ഷണമെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ആനയ്ക്കു അടുത്ത ദിവസം തന്നെ പുല്ല് എത്തിച്ചു നൽകുന്നതിനുള്ള ആലോചനയുണ്ടെന്നു ദേവസ്വം ബോർഡ് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, പനമ്പട്ടയ്്ക്കു തന്നെ നിലവിൽ ആവശ്യത്തിനു ഫണ്ട് അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പുല്ലിന് എവിടെ നിന്നും ഫണ്ട് കണ്ടെത്തുമെന്ന സംശയമാണ് ഉയരുന്നത്.



