കെഎം മാണിയെ കുടുക്കാൻ ക്വിക്ക് വെരിഫിക്കേഷന് ചെന്നിത്തല ഉത്തരവിട്ടു; യു.ഡി.എഫിനെതിരെ തുറന്നടിച്ച് കേരള കോൺഗ്രസ്
തേർഡ് ഐ പൊളിറ്റിക്‌സ്
തിരുവനന്തപുരം: ബാർകോഴ കേസിൽ കെഎം മാണിയെ യുഡിഎഫ് പിന്നിൽ നിന്ന് കുത്തിയെന്ന വികാരം നേരത്തെ മുതൽ തന്നെ കേരള കോൺഗ്രസിൽ ശക്തമാണ്. സമാനമായ ആരോപണം ഉയർന്നപ്പോൾ കെഎം മാണിക്കും കെ ബാബുവിനും വിജിലൻസ് ഇരട്ട നീതിയാണ് നൽകിയതെന്നായിരുന്നു കേരള കോൺഗ്രസുകാരുടെ ആരോപണം. മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷൻ നടത്താൻ നിർദ്ദേശിച്ച വിജിലൻസ് കെ ബാബുവിനെതിരെ നടത്തിയത് പ്രാഥമിക അന്വേഷണം മാത്രമാണെന്നാതായിരുന്നു കേരള കോൺഗ്രസുകാരുടെ അതൃപ്തികാരണം.
വർഷങ്ങൾക്കിപ്പുറം കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് പോവാൻ ഒരുങ്ങുമ്പോഴും ഈ വികാരം അവർ ആവർത്തിക്കുകയാണ്. 38 വർഷക്കാലം യുഡിഎഫിന്റെ ശക്തി സ്രോതസ്സായ നിന്ന് പ്രവർത്തിച്ച കെ എം മാണി സാറിനെ ബാർ കോഴക്കേസിൽ കുടുക്കാൻ അന്നത്തെ ആഭ്യന്തര മന്ത്രി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടെന്നാണ് കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചതിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം വിവരിച്ചുകൊണ്ട് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിടി ജോസ് എഴുതിയ കുറിപ്പിൽ പറയുന്നത്. അദ്ദേഹത്തിൻറെ കുറിപ്പിൻറെ പൂർണ്ണ രൂപം ഇങ്ങനെ..
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസ് 56 -മത് ജന്മദിനം
കേരള കോൺഗ്രസ് പാർട്ടി അതിന്റെ 56 -മത് ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ 1964ൽ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചതിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഒന്ന് പരിശോധിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും എന്ന് കരുതുന്നു. കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനം ആരംഭിച്ച കാലം മുതൽ അ പാർട്ടിയിൽ അതിശക്തമായ ഗ്രൂപ്പ് പ്രവർത്തനം ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെയാണ് ഐക്യ കേരളം രൂപീകരിച്ചതിന് ശേഷം ആദ്യമായി നടന്ന 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയും അതിന്റെ നേതാവായിരുന്ന ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിനൂം മന്ത്രി സഭ രൂപികരിക്കാനുള്ള കേവല ഭൂരിപക്ഷത്തിനടുത്ത സീറ്റുകളിൽ വിജയിക്കാനായത്.
കമ്മ്യൂണിസ്റ്റ് പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ചിഹ്നത്തിലല്ലെങ്കിലും അവരോടൊപ്പം മത്സരിച്ച അഞ്ച് സ്വതന്ത്രന്മാരും കൂടി ജയിച്ചു വന്നതോടെ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായും ലോകചരിത്രത്തിൽ രണ്ടാമതും ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു ഇഎംഎസ് മുഖ്യമന്ത്രിയായി.അന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവായി കോൺഗ്രസ് നിയമസഭാകക്ഷി ഏകകണ്ഠമായി തിരഞ്ഞെടുത്തത് പിടി ചാക്കോ യെയായിരുന്നു. ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയ്ക്ക് കേരള ജനതയുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ കഴിഞ്ഞില്ല.
ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടു
വലിയ ജനരോഷം കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ ഉയർത്താൻ അന്നത്തെ പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവായിരുന്ന പിടിചാക്കോയ്ക്കും കഴിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭരണഘടനയുടെ 356 വകുപ്പ് ഉപയോഗിച്ച് ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടു. പിന്നീട് 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പി എസ് പി മുസ്ലിം ലീഗ് മുന്നണി ഭൂരിപക്ഷം നേടി.കീഴ് വഴക്കങ്ങളും നാട്ടുനടപ്പനുസരിച്ചും മുഖ്യമന്ത്രി ആകേണ്ടത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോ ആയിരുന്നു. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് വീരന്മാർ തന്ത്രപൂർവ്വം പി എസ് പി കാരനായ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി.
കെപിസിസി പ്രസിഡണ്ട്
കെപിസിസി പ്രസിഡണ്ട് ആയിരുന്ന ആർ ശങ്കറും പി ടി ചാക്കോയും മന്ത്രി മാരായി.മാസങ്ങൾക്കകം കേന്ദ്രത്തിൽ ഭരണം നടത്തുന്ന കോൺഗ്രസ് സർക്കാരിന്റേയും കേന്ദ്ര കോൺഗ്രസ് നേതൃത്വത്തിന്റേയും ആശിർവാദത്തോടെ ശ്രീ പട്ടം താണുപിള്ളയെ പഞ്ചാബ് സംസ്ഥാനത്തിലെ ഗവർണർ ആക്കി.ഒഴിവുവന്ന മുഖ്യമന്ത്രിപദത്തിൽ പി ടി ചാക്കോ തിരഞ്ഞെടുക്കപ്പെടും എന്നായിരുന്നു രാഷ്ട്രീയകേരളം കരുതിയത്. പക്ഷേ ഹൈക്കമാൻഡ് അനുമതിയോടെ ആർ ശങ്കർ മുഖ്യമന്ത്രിയായി. പി ടി ചാക്കോ പരാതി പറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ വീരപുരുഷൻ ആയി ആദരിച്ചിരുന്ന ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർക്ക് ഈ തീരുമാനം വേദനയുണ്ടാക്കി.
മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അറിയപ്പെടുന്ന സർവകലാശാലയായ കോൺഗ്രസിലെ ഗ്രൂപ്പുകാരായ പി എച്ച് ഡി ക്കാർ തിമിർത്താടി, പി ടി ചാക്കോയെ എങ്ങനെയെങ്കിലും മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് അവർ തീരുമാനിച്ചു. ഗ്രൂപ്പ്കാർ പതിനെട്ടടവും പയറ്റിയിട്ടും അച്ചടക്കമുള്ള കോൺഗ്രസുകാരനും പ്രതിബദ്ധതയുള്ള ഭരണാധികാരിയുമായ ചാക്കോ പ്രശോഭിച്ചു.ഒന്നും നടക്കാതെ വന്നപ്പോൾ ഒരു കള്ളക്കേസുണ്ടാക്കി അതിൽ ചാക്കോയെ കുടുക്കാൻ ശ്രമിച്ചു.
മുഖ്യമന്ത്രി ശങ്കർ പ്രഖ്യാപിച്ചു
പീച്ചി സംഭവം ഉണ്ടാക്കിയ കോലാഹലത്തെയും അതുണ്ടാക്കിയ മാനഹാനിയേയും ധൈര്യമായി നേരിട്ട് പാർട്ടിയിൽ ഉറച്ചുനിന്ന പിടി ചാക്കോയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിൻറെ മാടായി എംഎൽഎ പ്രഹ്ലാദൻ ഗോപാലൻ നിരാഹാരസമരം ആരംഭിച്ചു. എന്നിട്ടും ചാക്കോ കുലുങ്ങിയില്ല.പി.ടി ചാക്കോയെ കേരള രാഷ്ട്രീയത്തിൽ നിന്നും തീർത്തു കളഞ്ഞേ അടങ്ങൂ എന്ന വാശി മൂത്ത് തന്റെ സഹപ്രവർത്തകനിൽ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ശങ്കർ പ്രഖ്യാപിച്ചു..
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു
പി ടി ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തിറങ്ങി മന്ത്രിയായിരുന്ന ചാക്കോയേക്കാൾ പതിന്മടങ്ങ് ശക്തി മന്ത്രി അല്ലാത്ത പി.ടി ചാക്കോയ്ക്ക് ഉണ്ട് എന്ന് തെളിയിക്കുന്ന വീരോചിത സ്വീകരണങ്ങളാൽ കേരളം മുഖരിതമായി. കോൺഗ്രസിൽ തുടർന്നും പ്രവർത്തിച്ചു മുന്നേറാൻ ആഗ്രഹിച്ച പി ടി ചാക്കോ പിന്നീട് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു. ഗ്രൂപ്പുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. 1948 -49 കാലഘട്ടത്തിൽ തിരുവിതാംകൂർ നിയമസഭയിലും 49 -52ൽ തിരുക്കൊച്ചി നിയമസഭയിലും 52 -53ൽ രാജ്യസഭയിലും ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലും അംഗമായിരുന്നു.
മരണമടയുമ്പോൾ
1915ൽ ജനിച്ച ചാക്കോ 1964 ൽ മരണമടയുമ്പോൾ അദ്ദേഹത്തിന് 49 വയസ്സ് മാത്രം പ്രായം. ആദ്യമായി തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ കേവലം 33 വയസ്സ് മാത്രം പ്രായം. ഈ ചെറുപ്പക്കാരനെ രാഷ്ട്രീയ വളർച്ചയിൽ വിറളിപൂണ്ട അവർ അദ്ദേഹത്തെ കോൺഗ്രസിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. മരണം വരെ ഒരു കോൺഗ്രസുകാരനായി കോൺഗ്രസിൽ തുടരണമെന്ന് മോഹം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാലത് ജീവിച്ചിരുന്നാൽ അസാധ്യമായിരിക്കും എന്നറിഞ്ഞ ദൈവം അദ്ദേഹത്തെ ദൈവത്തിൻറെ പക്കലേക്ക് 49-മത്തെ വയസ്സിൽ തിരിച്ചുവിളിച്ചു.
കാവിലുംപാറയിൽ
കേരളരാഷ്ട്രീയത്തിലെ സംഭവബഹുലവും സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൽ കോൺഗ്രസ് പാർട്ടിക്ക് നേതൃത്വം നൽകിയ പ്രഗൽഭനായ പ്രതിപക്ഷനേതാവും കരുത്തനായ ഭരണാധികാരിയും ഉജ്ജ്വല വാഗ്മിയും ആയിരുന്ന പി ടി ചാക്കോ ജനമനസ്സുകളിൽ നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു. അദ്ദേഹം മരിച്ചിട്ടും അദ്ദേഹത്തോടുള്ള ഗ്രൂപ്പ് വൈരം അടങ്ങിയില്ലാ, അദ്ദേഹത്തിൻറെ മൃതദേഹത്തോട് പോലും മാന്യത കാണിക്കുവാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. 1964 ഓഗസ്റ്റ് ഒന്നിന് ആയിരുന്നു പി ടി ചാക്കോ മരണമടഞ്ഞത്.താൻ ജീവനുതുല്യം സ്‌നേഹിക്കുകയും കഠിനാധ്വാനത്തിലൂടെ വളർത്തിയെടുക്കുകയും ചെയ്ത കോൺഗ്രസിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയും തിക്താനുഭവങ്ങളും ഉണ്ടാക്കിയ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ ഹൃദയം തകർന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ കാവിലുംപാറയിൽ മരിച്ചുവീണു.
കോൺഗ്രസിനോടുള്ള പ്രതികാരം
അദ്ദേഹം മരണമടഞ്ഞപ്പോൾ കേരളത്തിൻറെ മുഖ്യമന്ത്രി ശ്രീ ആർ ശങ്കർ കോഴിക്കോട് ഉണ്ടായിരുന്നു, ഒരു സാധാരണക്കാരന്റെ മൃതദേഹം കൊണ്ടുവരുന്ന പോലെ ഒരു വാനിൽ കിടത്തി അദ്ദേഹത്തിന്റെ മൃതദേഹം തൃശൂർ വരെ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരാധകവൃന്ദം ആ വാഹനം തടഞ്ഞ് അദ്ദേഹത്തിന് എല്ലാ ആദരവും ബഹുമാനവും നൽകി അദ്ദേഹത്തിന്റെ ജന്മനാടായ ചാമംപതാലിൽ എത്തിച്ചു.അവിടെയൊക്കെ കോൺഗ്രസ് നേതൃത്വം കാണിച്ച നിസ്സംഗത എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെ കോൺഗ്രസിനോടുള്ള പ്രതികാരം ജനങ്ങളിൽ ആളിക്കത്തിച്ചു കൊണ്ടിരുന്നു.
നിവേദനം അദ്ദേഹം നിരസിച്ചു
കോൺഗ്രസ് മുഖ്യമന്ത്രിയായി ആർ ശങ്കറും റവന്യൂ മന്ത്രിയായി പി.ടി ചാക്കോയും ഭരിക്കുമ്പോൾ ചുരുളി കീരിത്തോട് പ്രദേശത്ത് കുടിയേറിപ്പാർത്ത കൃഷിക്കാരെ കുടിയിറക്കുകയുണ്ടായി.ആ കുടിയിറക്ക് റവന്യൂ മന്ത്രി ആയിരുന്ന പി ടി ചാക്കോയിൽ കെട്ടിവയ്ക്കാനുള്ള ഒരു കെണി ആയിരുന്നു.എന്നു മനസ്സിലാക്കിയ ചാക്കോയെ സ്‌നേഹിക്കുന്ന 10 എംഎൽഎമാർ പി ടി ചാക്കോയുടെ അനുമതിയോടെ ചുരുളി കീരിത്തോട് കുടിയിറക്ക് സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനം കെപിസിസി പ്രസിഡൻറ് കെ പി മാധവൻ നായർക്ക് നൽകിയിരുന്നു. കടലാസിന്റെ വില പോലും കൽപിക്കാതെ കോൺഗ്രസ് എംഎൽഎമാരുടെ നിവേദനം അദ്ദേഹം നിരസിച്ചു.
നിയമസഭ കൂടുന്നത്
മെയ് മാസത്തിൽ ബോംബെയിൽ നടന്ന എഐസിസി സമ്മേളനത്തിലും കോൺഗ്രസിൻറെ 20 എംഎൽഎമാർ ഒപ്പിട്ട് മുഖ്യമന്ത്രി ആർ ശങ്കറിനെതിരെ നിരവധി ആരോപണങ്ങളും പരാതികളും ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി. അതൊന്നും ഫലവത്തായില്ല കുടിയിറക്ക് നിർത്തിവയ്ക്കാൻ ഇരിക്കുന്നതും അത് പരാതികൾ പരിഹരിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിസ്സംഗതയും ഉയർത്തിയ പ്രതിഷേധം നിയമസഭ സഭ കക്ഷിയിലും കോൺഗ്രസ് പാർട്ടിയിലും പുകഞ്ഞു കൊണ്ടിരുന്നു.പി ടി ചാക്കോയുടെ മരണശേഷം നിയമസഭ കൂടുന്നത് 1964 സെപ്റ്റംബർ രണ്ടിന് ആണ്.
ജവഹർലാൽ നെഹ്‌റു അടക്കം
അപ്പോഴേക്കും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടക്കം മരണമടഞ്ഞവരുടെ പട്ടികയിൽ തിരുവിതാംകൂർ തിരുകൊച്ചി എംഎൽഎ ആയിരുന്ന ജി പരമേശ്വരൻ പിള്ള, കെ എസ് ജോസഫ്, കെപിസിസി പ്രസിഡണ്ട് ആയിരുന്ന കെ പി മാധവൻ നായർ എന്നിവരും ഇടംപിടിച്ചു.മരണമടഞ്ഞവരെ മാന്യമായും അവരുടെ പദവിക്ക് അനുസരണമായി ആദരിക്കേണ്ടത് മാന്യമായ കീഴ്വഴക്കമാണ്. എന്നാൽ മരണശേഷവും പി ടി ചാക്കോയോടുള്ള പകയും വിദ്വേഷവും മനസ്സിൽ സൂക്ഷിച്ച മുഖ്യമന്ത്രി അന്നത്തെ സ്പീക്കർ അലക്‌സാണ്ടർ പറമ്പിത്തറയെ കൊണ്ട് നന്ദികെട്ട മാന്യമല്ലാത്ത രീതിയിൽ റഫറൻസ് നടത്തിച്ചു.
15 കോൺഗ്രസ് എംഎൽഎമാർ
ആദ്യം നെഹ്‌റുവിനെ പറ്റിയുള്ള റഫറൻസ് നടത്തുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. അത് ന്യായവും യുക്തവും ആയിരുന്നു.കക്ഷി നേതാക്കൾ എല്ലാം പ്രസംഗിച്ചു കഴിഞ്ഞപ്പോൾ മറ്റുള്ള മരണമടഞ്ഞവരുടെ പേരുകൾ ഒരുമിച്ചു വായിച്ച് ഒറ്റവാക്കിൽ അനുശോചനം രേഖപ്പെടുത്തി . സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു. ഈ സന്ദർഭത്തിൽ ഇതിൽ ദുഃഖഭാരം താങ്ങാനാവാതെ ഒന്ന് പൊട്ടി കരയാൻ പോലും അനുവദിച്ചില്ലല്ലോ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഭരണകക്ഷിയിൽപ്പെട്ട കോൺഗ്രസ് എംഎൽഎ തോമസ് ജോൺ പൊട്ടിത്തെറിച്ചു.മുഖ്യമന്ത്രി ശങ്കറിന്റെ യും സ്പീക്കർ പറമ്പിത്തറയുടെയും വിവേകശൂന്യമായ പ്രവർത്തി കൂടിയായപ്പോൾ ഈ കോൺഗ്രസ് ഞങ്ങൾക്ക് വേണ്ട എന്ന തീരുമാനം 15 കോൺഗ്രസ് എംഎൽഎമാർ ചേർന്നെടുത്തു.
ബാർ കോഴക്കേസിൽ
38 വർഷക്കാലം യുഡിഎഫിന്റെ ശക്തി സ്രോതസ്സായ നിന്ന് പ്രവർത്തിച്ച കെ എം മാണി സാറിനെ ബാർ കോഴക്കേസിൽ കുടുക്കാൻ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ട അന്നത്തെ ആഭ്യന്തര മന്ത്രിയുടെ നടപടിയും ഇല്ലാത്ത എഗ്രിമെൻറ് ഉണ്ടെന്ന് സ്ഥാപിച്ച് കുറ്റാരോപണം നടത്തി കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയിരിക്കുന്നു എന്ന് പറഞ്ഞ മുൻ കൺവീനർ ബെന്നി ബഹനാന്റെ പ്രസ്താവനയും ശങ്കർ പറമ്പിത്തറ പ്രഭൃതികളുടെ പ്രവർത്തനരീതിയും കൂട്ടിവായിക്കേണ്ടതാണ്.കോൺഗ്രസ് നേതൃത്വത്തിനോടുള്ള എതിർപ്പും അമർഷവും അണപൊട്ടിയൊഴുകിയ സങ്കടവും സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യവും 1964ൽ കേരളത്തിൽ കേരള കോൺഗ്രസിന് രൂപം കൊടുത്തു.
ദേശീയ രാഷ്ട്രീയത്തിലും
ദേശീയ രാഷ്ട്രീയത്തിലും അനഭിലഷണീയമായ ചില രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിന്നിരുന്നു. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ കരുതലോടെ നയിക്കാനും ഭാരതത്തെ ഒറ്റക്കെട്ടായി വളർത്തിയെടുക്കും എന്ന് ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ ഭരണം നടത്താനും കോൺഗ്രസിന് കഴിയുന്നില്ല എന്ന പരാതി സംസ്ഥാനങ്ങളിൽ വർദ്ധിച്ചുകൊണ്ടിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മൂന്നോ നാലോ സംസ്ഥാനങ്ങളിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടിക്ക് ഇന്ത്യയെ മൊത്തമായി ഭരിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഈ സംസ്ഥാനങ്ങളിലെ എംപിമാരുടെ അംഗബലവും.
1960-കളിൽ
ഈ സാഹചര്യം കേന്ദ്രത്തിൽ പദ്ധതി വിഹിതത്തിന്റേയും സാമ്പത്തിക വിതരണത്തിന്റേയും കൂടുതൽ പങ്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനങ്ങളിലേക്ക് ഒഴുകാൻ കാരണമായി. ഇന്ത്യയിലെ നിരവധി ചെറിയ സംസ്ഥാനങ്ങളും പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും അവഗണനയുടെ കയ്പുനീർ കുടിച്ചു ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസിനോടുള്ള എതിർപ്പ് ശക്തമാവുകയും 1960-കളിൽ ശക്തമായി സംസ്ഥാന പാർട്ടികൾ രൂപംകൊള്ളുകയും ചെയ്തു തുടങ്ങി.
കർഷകരുടെ അവസ്ഥ
ദേശീയ പ്രസ്ഥാനമായ കോൺഗ്രസിൻറെ രാജ്യ താൽപര്യത്തിനപ്പുറം അധികാരം നിലനിർത്താനുള്ള അതിരുവിട്ട ആവേശവും സവർണ്ണ മേധാവിത്വവും ജാതിചിന്തയും കോൺഗ്രസിനോടുള്ള ജനങ്ങളുടെ എതിർപ്പ് ശക്തമാക്കി കേരളത്തിലെ കർഷകരുടെ അവസ്ഥയും പരിതാപകരമായിരുന്നു കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും കാർഷികമേഖലയിലെ അനാവശ്യ സമരങ്ങളും കർഷകരെ നിരാശയിലാക്കി. തങ്ങൾക്ക് അഭയം തരേണ്ട കോൺഗ്രസ് കർഷകർക്ക് തുണയാകുന്നില്ലാ എന്ന് അനുഭവങ്ങൾ തെളിയിച്ചു കൊണ്ടിരുന്ന സന്ദർഭത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി സി സുബ്രഹ്മണ്യം ദക്ഷിണ ഭക്ഷ്യമേഖല നിർത്തൽ ചെയ്തു കൊണ്ട് പ്രഖ്യാപനം നടത്തിയത്. തൽഫലമായി ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും അരി കൊണ്ടുവരുവാൻ ഉള്ള അവകാശവും ഇല്ലാതായി.
വിത്തുപാകിയത്
ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യം ഉഴുതുമറിച്ച കേരള രാഷ്ട്രീയ മണ്ണിലേക്ക് 1964 ൽ ഒക്ടോബർ 9-ന് കേരള കോൺഗ്രസ് വിത്തുപാകിയത്.കേരളത്തിൻറെ തനതായ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കേരള കോൺഗ്രസിനെ ജനങ്ങൾ ഹൃദയത്തിലിടം കൊടുത്ത് സ്വീകരിച്ചു. കഴിഞ്ഞ 56 വർഷമായി കേരളത്തിൻറെ സമഗ്ര വികസനം ലക്ഷ്യമാക്കിയും അധ്വാനവർഗ മേധാവിത്യം ഉറപ്പുവരുത്താനുള്ള കർമ്മ പരിപാടികളിലൂടെ മുന്നോട്ടുപോയ പാർട്ടി ഒട്ടേറെ വെല്ലുവിളി കളേയും പ്രതിസന്ധികളേയും നേരിടേണ്ടിവന്നിട്ടുണ്ട് കേരള കോൺഗ്രസ് പ്രസ്ഥാനത്തിന് പ്രത്യയശാസ്ത്ര അടിത്തറ നൽകി കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമാക്കി വളർത്തിയെടുക്കാൻ അഹോരാത്രം പണിയെടുത്ത നമ്മുടെ പ്രിയങ്കരനും ആദരണീയനുമായ മാണിസാറിനെ ഈ ജന്മദിനത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
ജോസ് കെ മാണി എംപി
മുൻകാലങ്ങളിൽ പാർട്ടിക്ക് നേതൃത്വം കൊടുക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്ത് മൺമറഞ്ഞുപോയ എല്ലാ നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് നമ്മുടെ പ്രിയങ്കരനായ ചെയർമാൻ ശ്രീ ജോസ് കെ മാണി എംപിക്ക് ഈ പാർട്ടിയെ കെട്ടുറപ്പുള്ള ഒരു കേഡർ സംവിധാനം ആക്കി മാറ്റാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അമ്പത്തിയാറാം പിറന്നാൾ ആശംസകൾ സ്‌നേഹപൂർവ്വം നേരുന്നു ….