മുസ്ലീമായതിനാലാണ് തന്നെ സി.പി.എം കൊല്ലാതെ വിട്ടതെന്ന് അബ്ദുള്ളക്കുട്ടി; പിന്നാലെ കാറിൽ ലോറിയിടിച്ചു; ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയ്‌ക്കെതിരായ ആക്രമണം; പിന്നിൽ സി.പി.എമ്മെന്ന് ബി.ജെ.പി; ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കണ്ണൂർ: മുസ്ലീമായതിനാലാണ് തന്നെ സി.പി.എം കൊല്ലാതെ വിട്ടതെന്ന ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിനു പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ ലോറിയിടിച്ച സംഭവം വിവാദത്തിൽ. തന്നെ കൊലപ്പെടുത്താൻ തന്നെ ലക്ഷ്യമിട്ടാണ് കാറിൽ ലോറിയിടിച്ചതെന്ന് ആരോപിച്ച് അബ്ദുള്ളക്കുട്ടിയും ബി.ജെ.പി നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാത്രിയിൽ മലപ്പുറം രണ്ടത്താണിയിൽവെച്ചാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ ലോറിയിടിച്ചത്. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെ വീട്ടിലേയ്ക്കു പോകുകയായിരുന്നു അബ്ദുള്ളക്കുട്ടി. വാഹനം അപകടത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമരാമത്ത് ജോലികൾക്കായി സാധനങ്ങൾ കൊണ്ടു പോകുന്ന കരാർ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം തന്നെ അപമാനിക്കാൻ ശ്രമിച്ചതായും, ഇതിന് ശേഷമാണ് കാറിൽ ലോറി വന്നിടിച്ചതെന്നുമാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. സംഭവം നടക്കുന്നതിന് 45 മിനുട്ട് മുമ്പാണ് പൊന്നാനിയിലെ ഹോട്ടലിൽ വെച്ച് ഒരു സംഘം തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും സംഭവത്തിന് അതുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പൊന്നാനി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ ആണ് കേസ്. ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിൽ ഫോട്ടോ എടുത്തതിന്റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതിയിൽ പറയുന്നത്.