play-sharp-fill
ചങ്ങനാശേരിയിൽ മീൻ വിൽപ്പനക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചു; കൊടുംക്രിമിനലായ വിനീത് സഞ്ജയൻ അറസ്റ്റിൽ; പിടിയിലായത് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഒരു മാസത്തിനിടെ നടത്തിയ ഗുണ്ടാ ആക്രമണത്തിൽ

ചങ്ങനാശേരിയിൽ മീൻ വിൽപ്പനക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചു; കൊടുംക്രിമിനലായ വിനീത് സഞ്ജയൻ അറസ്റ്റിൽ; പിടിയിലായത് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഒരു മാസത്തിനിടെ നടത്തിയ ഗുണ്ടാ ആക്രമണത്തിൽ

തേർഡ് ഐ ക്രൈം

കോട്ടയം: ചങ്ങനാശേരിയിൽ മീൻ വിൽപ്പനക്കാരനായ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊടുംക്രൂരനായ ഗുണ്ട അറസ്റ്റിൽ. അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ(32)യാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിനീതിന്റെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട വിഷ്ണു (22), ബുധലാൽ (21), ആദർശ് (20), രാജീവ് (24), സച്ചിൻ (21) എന്നിവരെയും പൊലീസ് പിടികൂടി.


കഴിഞ്ഞ 26 നാണ് ചങ്ങനാശേരി മാർക്കറ്റിൽ മീൻ വില്പ്പന നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27) ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘത്തിലെ പ്രതികൾ
യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി, തല, കൈകാലുകൾ, തോൾഭാഗം എന്നിവിടങ്ങളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി പാലാത്ര ളായിക്കാട് ബൈപ്പാസ് റോഡിൽ എ കെ എം സ്‌കൂളിന് സമീപം മീൻ വില്പ്പന നടത്തിവന്നിരുന്ന രാഹുലിനെ മുൻ വൈരാഗ്യത്തെ തുടർന്നാണ് അക്രമി സംഘം വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി എത്തി വെട്ടി വീഴ്ത്തിയത്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ചങ്ങനാശേരി പൊലീസ് എത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ സംഘം ക്വട്ടേഷൻ ഏറ്റെടുത്താണ് ആക്രമണം നടത്തിയത് എന്നു വ്യക്തമായത്. ഏറ്റുമാനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത വിനീത് സഞ്ജയൻ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, വൈക്കം, ചങ്ങനാശേരി പൊലീസ് സ്റ്റേഷനുകളിൽ നിരന്തരം ആക്രമണം നടത്തുകയും ചെയ്തിരുന്നു.

വിനീതിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ചങ്ങനാശേരിയിലെ ആക്രമണക്കേസിൽ വിനീത് അറസ്റ്റിലായിരിക്കുന്നത്.