play-sharp-fill
നാട്ടിൽ പണിയില്ലാതെ ലക്ഷങ്ങൾ തൊഴിൽ തേടിയലയുമ്പോൾ കിട്ടിയ സർക്കാർ ജോലിയിൽ നിന്നും അനധികൃത ലീവെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നു; അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന ഡോക്ടർമാരും  നേഴ്സുമാരും തിരികെയെത്തുന്നത് റിട്ടയർ ചെയ്യാറാകുമ്പോൾ വൻ തുക പെൻഷൻ വാങ്ങാൻ; ഇത്തരക്കാരെ പിരിച്ചു വിട്ട് പുതിയ നിയമനം നടത്തണം; ആരോഗ്യമന്ത്രിയ്ക്ക് ഏ.കെ ശ്രീകുമാർ കത്തയച്ചു

നാട്ടിൽ പണിയില്ലാതെ ലക്ഷങ്ങൾ തൊഴിൽ തേടിയലയുമ്പോൾ കിട്ടിയ സർക്കാർ ജോലിയിൽ നിന്നും അനധികൃത ലീവെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നു; അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന ഡോക്ടർമാരും നേഴ്സുമാരും തിരികെയെത്തുന്നത് റിട്ടയർ ചെയ്യാറാകുമ്പോൾ വൻ തുക പെൻഷൻ വാങ്ങാൻ; ഇത്തരക്കാരെ പിരിച്ചു വിട്ട് പുതിയ നിയമനം നടത്തണം; ആരോഗ്യമന്ത്രിയ്ക്ക് ഏ.കെ ശ്രീകുമാർ കത്തയച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീടുകൾ പോലും മിനി ആശുപത്രികളായി മാറുന്ന കൊവിഡ് കാലത്ത് സർക്കാരിനെയും സാധാരണക്കാരെയും ഒരു പോലെ പറ്റിച്ച് ഒരു സംഘം ഡോക്ടർമാരും, നഴ്‌സുമാർ അടക്കമുള്ള ജീവനക്കാരും വിദേശത്ത് കോടികൾ സമ്പാദിക്കുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഇരുപത് വർഷം വരെ  ശമ്പളമില്ലാത്ത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യാനായി പോയ നിരവധി ഡോക്ടർമാരും നേഴ്സുമാരുമാണുള്ളത് .അഞ്ച് വർഷം കൂടുമ്പോൾ അവധി പുതുക്കുകയാണ് ഇവർ ചെയ്യുന്നത്.

കൊവിഡ് പ്രതിസന്ധിക്കാലത്ത് അതിരൂക്ഷമായി ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം അനുഭവപ്പെടതിന്റെ പശ്ചാത്തലത്തിൽ തേർഡ് ഐ ന്യൂസ് ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് ആയിരക്കണക്കിനു പേരാണ് ഇത്തരത്തിൽ അനധികൃത അവധി എടുത്ത് വിദേശത്ത് ജോലി ചെയ്യുന്നതെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചത് . ഇത്തരത്തിൽ വിദേശത്തു പോയി ജോലി ചെയ്യുന്നവരെ തിരികെ നാട്ടിലെത്തിക്കുകയോ, സർവീസിൽ നിന്നും പിരിച്ചു വിട്ട്  പകരം നിയമനം നടത്തുകയോ വേണമെന്നാവശ്യപ്പെട്ട്  പൊതുപ്രവർത്തകനായ ഏ.കെ ശ്രീകുമാർ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് കത്തു നൽകി.


സംസ്ഥാനത്ത് ആയിരക്കണക്കിനു ഡോക്ടർമാരും, ആരോഗ്യ വകുപ്പിലെ നഴ്‌സുമാരും ജീവനക്കാരും അടക്കമുള്ളവരാണ് ഇത്തരത്തിൽ അവധിയെടുത്ത് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. സംസ്ഥാന സർക്കാരിൽ അരലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപവരെയാണ് പല ഡോക്ടർമാർക്കും നേഴ്സുമാർക്കും ശമ്പളമായി ലഭിക്കുന്നത്. എന്നാൽ, അയർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ഡോക്ടർമാർക്ക് അഞ്ചു ലക്ഷം രൂപ മുതൽ ശമ്പളം ലഭിക്കും. നഴ്‌സുമാർക്ക് മൂന്ന് ലക്ഷം രൂപ മുതലാണ് ശമ്പളം. ഇതിനു വേണ്ടിയാണ് സംസ്ഥാനത്ത് ലഭിച്ച സർക്കാർ ജോലിയിൽ നിന്നും അവധിയെടുത്ത് ഇവർ വിദേശ രാജ്യങ്ങളിലേയ്ക്കു പോയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ അയ്യായിരം മുതൽ പതിനായിരം രൂപ വരെ മാത്രമാണ് നഴ്‌സുമാർക്കു ശമ്പളമായി ലഭിക്കുന്നത്. ഇത്തരത്തിൽ പത്തും ഇരുപതും വർഷം വരെ പ്രവർത്തി പരിചയമുള്ളവരാണ് പതിനായിരം രൂപ വരെ ശമ്പളം വാങ്ങി ജോലി ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി ആളുകൾ ജോലി ചെയ്യുമ്പോഴാണ് ലക്ഷങ്ങൾക്കു വേണ്ടി സർക്കാർ ജോലിയിൽ നിന്നും അവധിയെടുത്ത് വിദേശത്ത് പോയിരിക്കുന്നത്.പത്തും ഇരുപതും വർഷം അവധി എടുത്ത് വിദേശത്ത് ജോലി ചെയ്യുകയും, പിന്നീട് സർക്കാർ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യാൻ ഒന്നോ, രണ്ടോ വർഷമള്ളപ്പോൾ തിരികെയെത്തി സർവ്വീസിൽ കയറുകയും, മുഴുവൻ ആനുകൂല്യങ്ങളും, പെൻഷനും വാങ്ങി റിട്ടയർ ചെയ്യുകയുമാണ് ഇത്തരക്കാരുടെ രീതി.ഇത് സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.

കൊവിഡ് പ്രതിസന്ധിക്കാലത്ത് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും, ജീവനക്കാരുടെയും ക്ഷാമം നേരിടുകയാണ്. ദിവസങ്ങളോളം ജോലി ചെയ്യുന്നതു കൂടാതെ, ഇവരിൽ പലരും കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുകയുമാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിനെയും സാധാരണക്കാരെയും വെല്ലുവിളിച്ച് ഇത്തരത്തിൽ ഒരു വിഭാഗം ലക്ഷങ്ങൾ തേടി വിദേശ രാജ്യത്ത് പോയിരിക്കുന്നത്.