കത്തിയത് ഫയലുകൾ മാത്രം…! സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് : ഫോറൻസിക് പരിശോധിച്ചത് തീപിടുത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫയലുകൾ മാത്രം കത്തിയ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ നടന്ന തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. മുറിയിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ മാത്രമാണ് കത്തിയതെന്നും സാനിറ്റൈസർ കത്തിയില്ലെന്നും തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു നേരത്തെ ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്. ഇത് തന്നെയാണ് സംഭവത്തിൽ സർക്കാരും ആവർത്തിച്ചിരുന്നത്. ഇതിനെ പാടെ തളളുന്നതാണ് ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിൽ തീപിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കളാണ് ഫോറൻസിക് പരിശോധിച്ചത്. ശേഖരിച്ച സാംപിളുകളിൽ ഒന്നിൽ നിന്നു പോലും തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല. തീപിടിത്തം നടന്ന മുറിയിലെ ഫാൻ, സ്വിച്ച് ബോർഡ് എന്നിവ കത്തിയിട്ടുണ്ട്.
എന്നാൽ മുറിയിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മുറിയിലെ ഫയർ എക്സ്റ്റിഗ്യൂഷർ അടക്കമുള്ളവയും ഫോറൻസിക് പരിശോധിച്ചു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം എങ്ങനെ തീപിടിച്ചു എന്ന് റിപ്പോർട്ടിലില്ല.
സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കൽ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്. തീപിടിത്തത്തിൽ നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകൾ കത്തി നശിച്ചു എന്നായിരുന്നു ആക്ഷേപം.