മണര്‍കാട് കത്തീഡ്രലിലെ പ്രാര്‍ഥനായജ്ഞം സമാപിച്ചു
സ്വന്തം ലേഖകൻ
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം സുറിയാനി കത്തീഡ്രലില്‍ ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞം സമാപിച്ചു. തമ്പുരാനെപെറ്റ അമ്മയുടെ പക്കല്‍ പ്രാര്‍ഥിക്കുന്നവര്‍ക്ക് നീതി ലഭിക്കും അന്തിമവിധി ദൈവത്തിന്റേതാണെന്നും അപ്പോള്‍ നമ്മള്‍ക്ക് നീതി ലഭിക്കുമെന്ന് ഫാ. എം.ഐ. തോമസ് മറ്റത്തില്‍ പറഞ്ഞു.
പ്രാര്‍ത്ഥനായജ്ഞത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ. കെ.എം. ജോര്‍ജ് കുന്നേല്‍, കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പാ മാലിയില്‍ എന്നിവര്‍ പ്രസംഗിച്ചു.അന്ത്യോഖ്യാ വിശ്വാസത്തോടുള്ള കൂറും വിധേയത്വവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ് പ്രാര്‍ത്ഥനായജ്ഞം സമാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് മഹാമാരിയില്‍നിന്നു വിടുതല്‍ ലഭിക്കുന്നതിനും യാക്കോബായ സഭാ വിശ്വാസികള്‍ക്ക് നീതിലഭിക്കുന്നതിനും പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇടവകയിലും സഭയിലും ശാശ്വതമായ ശാന്തിയും സമാധാനവും ഉണ്ടാകുവാനും സഭയ്‌ക്കെതിരേ നടക്കുന്ന പീഡനങ്ങളില്‍ പതറാതെ സത്യവിശ്വാസത്തെ മുറുകെപിടിച്ച് വിശ്വാസികളെ നയിക്കുവാനുമായിട്ടാണ് പ്രാര്‍ഥനായജ്ഞം സംഘടിപ്പിച്ചതെന്നും തുടര്‍ന്നുള്ള മറ്റ് പരിപാടികള്‍ അപ്പോഴപ്പോള്‍ ഇടവകാംഗങ്ങളെ അറിയിക്കുമെന്നും പള്ളി ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണിവരെ പള്ളിയില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനായജ്ഞത്തില്‍ വേദവായനയും പ്രാര്‍ഥനാഗീതങ്ങളും കൊണ്ട് ഭക്തിസാന്ദ്രമായി. വനിതാസമാജാംഗങ്ങള്‍, പള്ളി മാനേജിങ് കമ്മിറ്റിയംഗങ്ങള്‍,
സണ്ടേസ്‌കൂള്‍ അധ്യാപകര്‍, പ്രാര്‍ഥനായോഗാംഗങ്ങള്‍, യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ശുശ്രൂഷകസംഘം അംഗങ്ങള്‍, സേവകാസംഘം സെക്രട്ടറി, സെന്റ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യ മണര്‍കാട് യൂണിറ്റ്, കേഫാ മണര്‍കാട് യൂണിറ്റ് എന്നിവയിലെ പ്രതിനിധികള്‍ സമയക്രമം പാലിച്ച് പങ്കെടുത്തു.
വനിതാസമാജത്തിലെ 60 വയസിനുമേല്‍ പ്രായമുള്ളവര്‍, പുരുഷ വയോജനസംഘടനാംഗങ്ങള്‍ എന്നിവര്‍ സ്വഭവനങ്ങളില്‍ ഇരുന്ന് പ്രാര്‍ഥനായജ്ഞത്തില്‍ പങ്കാളികളായി.