അച്ഛൻ ഉപേക്ഷിച്ചു പോയ സഹോദരന്റെ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു; എരുമേലി സ്വദേശിയ്ക്ക് ജീവപര്യന്തം കഠിന തടവ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: അച്ഛൻ ഉപേക്ഷിച്ചു പോയ സഹോദരന്റെ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ എരുമേലി സ്വദേശിയ്ക്കു ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. എരുമേലിയിലും കൊല്ലത്തുമടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് പ്രതിയെ ശിക്ഷിച്ചത്.
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായിരുന്നു കുട്ടിയുടെ അച്ഛന്റെ സഹോദരൻ. ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിൽ മനം നൊന്ത കുട്ടിയുടെ അച്ഛൻ വീടുവിട്ടു പോയി. ഇതിനു ശേഷം ഏഴു വയസുമുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലിയിൽ നിന്നും താമസം മാറിയ പ്രതി, കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടിയെയും അമ്മയെയും സഹോദരങ്ങളെയുമായി വാടകയ്ക്ക് താമസിച്ചു. ഈ സ്ഥലങ്ങളിലെല്ലാം വച്ച് കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. തുടർന്നു, കുട്ടി ഗർഭിണിയായി. എന്നാൽ, വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയെ തുടർന്നു പ്രതിയും അമ്മയും ആരോടും പറഞ്ഞില്ല. തുടർന്നു, പെൺകുട്ടി കുഞ്ഞിനു ജന്മം നൽകി.
ഓരോ സ്ഥലത്തും നാട്ടുകാർ കുട്ടിയെപ്പറ്റി അന്വേഷണം നടത്തുമ്പോൾ വീട് ഒഴിഞ്ഞു പോകുകയാണ് പ്രതി ചെയ്തിരുന്നത്. ഇത്തരത്തിൽ ഇവർ വീണ്ടും എരുമേലി ഭാഗത്ത് താമസത്തിനായി എത്തി. ഇതിനിടെ പെൺകുട്ടി വീണ്ടും കുട്ടിയുടെ അച്ഛനുമായി അടുക്കാൻ ശ്രമിക്കുന്നതായി പ്രതി തിരിച്ചറിഞ്ഞു. ഇതേ തുടർന്നു, പ്രതി കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പ്രതി നടത്തിയ ക്രൂര പീഡനം പുറത്തറിഞ്ഞത്.
തുടർന്നു പൊലീസ് പ്രതിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്നു നടത്തിയ വിചാരണയ്‌ക്കൊടുവിലാണ് പ്രതിയെ ശിക്ഷിച്ചത്. 13 സാക്ഷികളെയും, 18 പ്രമാണങ്ങളും കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരൻ കോടതിയിൽ ഹാജരായി.
ഇരയ്ക്ക് പുനരധിവാസം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.