play-sharp-fill
മേലുകാവിൽ മോഷണശ്രമത്തിനു ശേഷം റബർ തോട്ടത്തിൽ ഒളിച്ച മോഷ്ടാക്കൾ പ്രായപൂർത്തിയാകാത്തവർ: പ്രതികൾ എത്തിയത് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ; മണർകാട് സ്വദേശികളായ യുവാക്കളുടെ സംഘം പിടിയിൽ

മേലുകാവിൽ മോഷണശ്രമത്തിനു ശേഷം റബർ തോട്ടത്തിൽ ഒളിച്ച മോഷ്ടാക്കൾ പ്രായപൂർത്തിയാകാത്തവർ: പ്രതികൾ എത്തിയത് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ; മണർകാട് സ്വദേശികളായ യുവാക്കളുടെ സംഘം പിടിയിൽ

തേർഡ് ഐ ക്രൈം

കോട്ടയം: മേലുകാവിലും പ്രവിത്താനത്തും മോഷണ ശ്രമം നടത്തിയ ശേഷം, പൊലീസിനെ വെട്ടിച്ചു രക്ഷപെട്ട സംഘത്തിലെ രണ്ടു പേർ പിടിയിൽ. മണർകാട് സ്വദേശികളായ പതിനഞ്ചുകാരെയാണ് പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ മുതൽ തിടനാട് മല്ലികശേരിയിലെ 40 ഏക്കർ റബർ തോട്ടത്തിൽ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് പ്രതികളായ യുവാക്കളെ പിടികൂടിയത്.

ശനിയാഴ്ച അർദ്ധരാത്രി മുതലായിരുന്നു സംഭവങ്ങളുടെ തുടക്കം. മേലുകാവിലെ ഒരു വാച്ചുകടയുടെ ഷട്ടറും ചില്ലും തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ മോഷണശ്രമം നടത്തുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നു പൊലീസ് സംഘം പിന്നാലെ എത്തി. ഇതോടെ പ്രതികൾ മൂന്നു പേരും ബൈക്കുമായി ഇവിടെ നിന്നും രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സബ്ഡിവിഷൻ പരിധിയിൽ പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ പ്രതികൾ പ്രവിത്താനത്തെ ഒരു മൊബൈൽ ഫോൺ ഷോപ്പും കുത്തിത്തുറക്കാൻ ശ്രമം നടത്തി. ഇതോടെ പൊലീസ് സംഘം അതിവേഗം പിന്നാലെ എത്തി. തുടർന്നു, ഇവിടെ നിന്നും തിടനാട് മല്ലികശേരി ഭാഗത്തേയ്ക്കു പ്രതികൾ ബൈക്ക് ഓടിച്ചു പോയി. പിന്നാലെ, പൊലീസ് സംഘം എത്തിയെങ്കിലും പ്രതികളുടെ ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ ഇവർ ബൈക്ക് ഇവിടെ ഉപേക്ഷിച്ച ശേഷം രക്ഷപെടുകയായിരുന്നു.

തുടർന്നു, പൊലീസ് സംഘം ഞായറാഴ്ച പകലും, രാത്രിയും മുഴുവനും ഈ റബർതോട്ടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് രണ്ടു പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ മോഷണം ലക്ഷ്യമിട്ട് എത്തിയത്. ഇവർ മൂന്നു പേരും മണർകാട് സ്വദേശികളാണ്. മുൻപും ഇവർ മോഷണക്കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കൂടുതൽ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.